കൊച്ചി: അഭിമന്യു വധത്തിന് ഇന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസില്‍ ഇനിയും വിചാരണ തുടങ്ങിയില്ല. കേരളത്തെ ഉലച്ച കേസായിരുന്നു എം അഭിമന്യു വധം. 2018 ജൂലൈ രണ്ടിന് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.

ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു. ഈ മാസം 13ന് കേസ് വീണ്ടും വിചാരണ കോടതി പരിഗണിക്കുന്നുണ്ട്. 2018നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം അടക്കമുള്ള 11 നിര്‍ണ്ണായക രേഖകള്‍ കോടതിയില്‍ നിന്നും നഷ്ട്ടപ്പെട്ടതിന്റെ ആശയക്കുഴപ്പം വിചാരണയെ ബാധിക്കുമോയെന്ന ആശങ്കയും പ്രോസിക്യൂഷനുണ്ട്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയില്‍ നിന്ന് നഷ്ടമായത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള രേഖകള്‍ എങ്ങനെ നഷ്ട്ടപ്പെട്ടുവെന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രോസിക്യൂഷന്‍ രേഖകള്‍ വീണ്ടും തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ വിചാരണക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു.

സാക്ഷികളായ 25 പേര്‍ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ മിക്കവരും ഉപരി പഠനത്തിനും ജോലിക്കുകമായി സംസ്ഥാനത്തിന് പുറത്താണ്. ഇത് വിചാരണയെ ബാധിക്കുമെന്ന സംശയത്തിലാണ് പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ട 26 പ്രതികളെ പൊലീസ് മൂന്ന് ഘട്ടങ്ങളിലായാണ് അറസ്റ്റ് ചെയ്തത്.

വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിന്റെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത് ആവശ്യപ്പെട്ടിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *