ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാലയർപ്പിക്കും. രാവിലെ 8.30ന് പന്തീരടിപൂജ നടക്കും, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയിട്ടുള്ളത്.

രാവിലെ 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്നത്. മേൽശാന്തി ‌അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഇത്‌ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. റോഡുകളിലെ നടപ്പാതകളിൽ അടുപ്പ് കൂട്ടാൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു.

ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാവില്ല. നാളെ രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *