മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണവും. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബി​ഗ് സ്ക്രീനിൽ സൃഷ്ടിക്കാൻ പോകുന്നത് എന്ത് മാജിക്കാണെന്നറിയാൻ അക്ഷമരായി ഏവരും കാത്തിരിക്കുകയാണ്. മാർച്ച് 19നാണ് ആട് 3 തിയറ്ററുകളിൽ എത്തുക. റിലീസിനോട് അനുബന്ധിച്ച് പുറത്തുവരുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടുകയാണ്. തതവസരത്തിൽ പ്രീ സെയിൽ കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്.

കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.25 കോടി രൂപയാണ് ആദ്യദിനം പ്രീ സെയിലിലൂടെ ആട് 3 നേടിയിരിക്കുന്നത്. 1.31 ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് വിവരം. ഇന്നത്തോടെ മികച്ചൊരു പ്രീ ബുക്കിം​ഗ് കളക്ഷൻ തന്നെ ചിത്രം നേടുമെന്നും ട്രാക്കർന്മാർ വിലയിരുത്തുന്നുണ്ട്.

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. . ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ “U” സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 47 മിനിറ്റ് ആണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *