ഓണമുണ്ണാൻ കായ വറുത്തതും ശർക്കര ഉപ്പേരിയും മലയാളിക്ക് നിർബന്ധമാണ്. ഓണമെത്തിയതോടെ വിപണിയിൽ ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരിക്കും പ്രിയമേറി. കായ വറുത്തതിന് ഒരു കിലോയ്ക്ക് 340 രൂപ മുതലാണു വില. ശർക്കര ഉപ്പേരിക്കും ഏകദേശം ഈ വില തന്നെ. പഴുത്ത കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന കായ വറുത്തതിന് വില അൽപം കൂടും. നേന്ത്രക്കായയ്ക്ക് വില കൂടുന്നതിന് അനുസരിച്ച് കായ വറുത്തതിനും ഉപ്പേരിക്കും വില കൂടുന്നതാണ് പതിവ്.
ഓണത്തിന് ഏറെ പ്രാധാന്യമുള്ള നേന്ത്രക്കായക്കുലകൾക്ക് അത്തം പിറക്കുന്നതിനു മുൻപേ തന്നെ വില കൂടുന്നതും പതിവാണ്.കായ് വില കൂടുന്നതിനനുസരിച്ച് ഉപ്പേരിക്കും വില കൂടും. കേരളത്തിൽ ഓണക്കാലത്ത് നേന്ത്രക്കുലയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് തമിഴ്നാട്ടിൽ നിന്നും കുലകൾ കേരളത്തിലേക്ക് എത്തും.
അത്തം പിറന്നത് മുതൽ തിരുവോണം വരെ ബന്ധു വീടുകൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് വിരുന്നു പോകുമ്പോൾ കൊണ്ടു പോകുന്ന പ്രധാന വിഭവങ്ങളിൽ കായ വറുത്തതിനും ശർക്കര ഉപ്പേരിക്കും പ്രഥമ സ്ഥാനം ഉണ്ട്. വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കായ വറുത്തതും ഉപ്പേരിയുമാണ് മലയാളികൾക്ക് പ്രിയം.
പാമോയിലിലും സൺഫ്ലവർ ഓയിലിലും വറുത്തെടുക്കുന്ന ചിപ്സുകൾക്ക് വില കുറയുമെങ്കിലും ഓണത്തിന് വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ഉപ്പേരികൾക്കാണ് ആവശ്യക്കാരേറെ.