ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കുക്കി വിഭാഗത്തിലെ മൂന്ന് യുവാക്കൾ കൂടി കൊല്ലപ്പെട്ടു. താങ്ഖോകൈ ഹാകിപ് (31), ജാംഖോഗിൻ ഹാക്കിപ് (35), ഹോളൻസൺ ബെയ്റ്റ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉഖ്റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ ആയുധങ്ങളുമായെത്തിയ അജ്ഞാതരായ അക്രമികളുടെ വെടിവെയ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.
കനത്ത വെടിയൊച്ച കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഒരു കാട്ടിൽനിന്നാണു കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ആഴ്ചയായി സംഘർഷത്തിൽ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 120-ലധികം ആളുകൾ മരിക്കുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമം നിയന്ത്രിക്കാനും സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും വിന്യസിച്ചിട്ടുണ്ട്.