കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം ഡി എം എയും 50 ഗ്രാം കഞ്ചാവുമായി പെരുവന്താനം തെക്കേ മല സ്വദേശി ഫിലിപ്പ് മൈക്കിൾ (24) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ബാംഗ്ളൂരിൽ നിന്നും കർണ്ണാടക രജിസ്ട്രേഷനിലുള്ള മാരുതി എർട്ടിഗ കാറിൽ മയക്ക്മരുന്ന് വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിക്കപ്പെടുന്നത്.

ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. ബാംഗ്ലൂരിൽ അയുർവേദ തെറാപ്പിസ്റ്റായി ജോലി നോക്കുകയാണ് ഇയാൾ . കേരളത്തിൽ മയക്ക്മരുന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പ്രതി എന്ന് എക്സൈസ് കരുതുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് എക്സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. ബാംഗ്ളൂരിൽ നിന്നും മാരക മയക്ക്മരുന്നുകളുമായി സ്വകാര്യ ആഡംബര കാറിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ എം ഡി എം എ വില്പന നടത്തുകയുമാണ് ഇയാളുടെ പതിവ്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപെടുന്ന യുവതികളുമായി പ്രണയത്തിലായി അവരെ മയക്ക്മരുന്ന് കണ്ണിയിൽ പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവ് രീതി. കോട്ടയത്തുള്ള ഒരു യുവതിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റിംഗ് നടത്തിയതിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയപ്പോൾ ഇയാൾ ബാംഗ്ലൂരിൽ നിന്നും കോട്ടയത്ത് വരുന്നതായി സൂചന ലഭിച്ചു. തുടർന്ന് കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് വല വിരിക്കുകയായിരുന്നു. കോട്ടയത്ത് വരുബോൾ യുവതിയെ നേരിട്ട് കാണാമെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ സന്ദേശം എക്സൈസിനു ലഭിച്ചു. എക്സൈസ് നടത്തിയ ചടുലനീക്കത്തിനൊടുവിൽ പ്രതിയെ പിടി കൂടുകയുമായിരുരുന്നു.

മയക്കുമരുന്നിന്റെ വൻ ശേഖരവുമായി ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക്പുറപ്പെട്ട ഇയാൾ പല ജില്ലകളിൽ വില്പന നടത്തിയ മയക്ക്മരുന്നും കച്ചവടക്കാരെയും പിടികൂടുന്നതിനായി എക്സൈസ് ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി നോക്കിയ ഇയാൾ കർണ്ണാടക, തമിഴ് നാട്, കേരളം എന്നിവിടങ്ങളിൽ മയക്ക്മരുന്ന് വിൽ പന നടത്തുന്ന പ്രധാന കണ്ണിയാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.

റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെ. ആർ അനു .വി .ഗോപിനാഥ്, സി വിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ. എസ് ,നിഫി ജേക്കബ്, പ്രശോഭ് കെ. വി വിനോദ് കുമാർ വി, ഹാംലെറ്റ്, രജിത്ത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയ രശ്മി, ധന്യ മോൾ എം.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *