അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർകോട്ടെ ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് സലീം ഫെയർനെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം പുരട്ടി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം വെക്കുന്ന തരത്തിലുള്ള പ്രകടമായ ഫലം ലഭിച്ചു.

എന്നാൽ, പിന്നീട് സ്ഥിതി മാറുകയും മുൻപുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായി മുഖം കരിവാളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ശരീരത്തിൽ നടത്താത്ത പരിശോധനകൾ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നുവെന്നും, മാസങ്ങളോളം നീണ്ട ചികിത്സകൾക്ക് ശേഷമാണ് രോഗത്തിന്റെ യഥാർത്ഥ കാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂർ വെളിപ്പെടുത്തി. രോഗം മൂർച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് മാസങ്ങളോളം തന്റെ സംഗീത പരിപാടികൾ മാറ്റിവെക്കേണ്ടി വന്നു.

ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും രോഗത്തെ തുടർന്ന് പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു. വൃക്കകളിൽ രക്തം ശുദ്ധീകരിക്കുന്ന സൂക്ഷ്മ അരിപ്പകളായ ഗ്ലോമെറുലൈകൾക്ക് (Glomeruli) തകരാറും വീക്കവും സംഭവിക്കുന്ന രോഗാവസ്ഥയാണ് മെംബ്രനസ് നെഫ്രോപ്പതി. ഇതുമൂലം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ മൂത്രത്തിലൂടെ വലിയ അളവിൽ നഷ്ടപ്പെടുകയും, ശരീരത്തിൽ നീര് വരികയും രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.

അംഗീകാരമില്ലാത്തതും വ്യാജവുമായ ഫെയർനെസ് ക്രീമുകളിൽ ചർമ്മത്തിന് പെട്ടെന്ന് നിറം നൽകാനായി ഉയർന്ന അളവിൽ മെർക്കുറി ചേർക്കാറുണ്ട്. ഇത് ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനം തടഞ്ഞ് തുടക്കത്തിൽ കൃത്രിമ നിറം നൽകുമെങ്കിലും, പിന്നീട് ചർമ്മകോശങ്ങളെ നശിപ്പിച്ച് മുഖം കൂടുതൽ കരിവാളിക്കുന്നതിനും ചർമ്മത്തിലൂടെ രക്തത്തിൽ കലർന്ന് വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി തകരാറിലാക്കുന്നതിനും കാരണമാകുന്നു. ഫെയർനെസ് ക്രീം ഉപയോഗത്തെ തുടർന്ന് 17-കാരിക്ക് മെംബ്രനസ് നെഫ്രോപ്പതി ബാധിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ ദുരനുഭവം പങ്കുവെച്ച് സലീം കോടത്തൂരും രംഗത്തെത്തിയിരിക്കുന്നത്.


