വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

സന്തോഷും ഇയാളുടെ ഇളയ മകനായ അർജുനും ചേർന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ തലയാഴം കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കറണ്ട് ബില്ല് അടയ്ക്കാത്തതിനാൽ ലൈൻ കട്ട് ചെയ്തിരുന്നു.

എന്നാൽ ഇവർ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞ് പരിശോധനയ്ക്കായി സ്ഥലത്തെത്തിയ ലൈൻമാനെയാണ് ഇവർ ആക്രമിച്ചത്. ഇതിന് ശേഷം അടുത്തദിവസം വൈദ്യുതി പുനസ്ഥാപിക്കാൻ ചെന്ന കരാർ ജീവനക്കാരനെ സന്തോഷിന്റെ മൂത്ത മകനായ അമ്പാടി എന്ന് വിളിക്കുന്ന അനൂപ് കുമാർ വീട്ടിലുണ്ടായിരുന്ന പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു.

ജീവനക്കാരുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂവരേയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ സുദീപ്, രജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *