കൊച്ചി: തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചേരാനെല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി കേസില്‍ നിന്നും ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി കൂട്ടാക്കിയില്ല. ജുഡീഷ്യല്‍ ഓഫീസറെ കേള്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിലവില്‍ മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ എന്നു മാത്രമാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഇനിയെല്ലാം ഈശ്വരന്റെ കയ്യിലാണെന്നും ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണക്കാരനാണെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെയാണ് സമീപിക്കേണ്ടത്. അക്കാര്യം കോടതിയില്‍ ഉന്നയിച്ചു. അതിന് ജഡ്ജി പറഞ്ഞത്, ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തി പ്രതിയായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ മാത്രമേ കേള്‍ക്കാന്‍ പറ്റൂവെന്നാണ്. പുലര്‍ച്ചെ 2.47 നാണ് കുട്ടി പിതാവായ അഡീഷണല്‍ ജഡ്ജിയെ ഫോണില്‍ വിളിച്ചതെന്നാണ് പറഞ്ഞത്. അതു ശരിയല്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു പറഞ്ഞു.
അതേസമയം, ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റിനെതിരെ ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും, നിയമം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിച്ചപ്പോള്‍ ജഡ്ജിയുടെ അറസ്റ്റ് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസറാണ്. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ നാലു മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണല്‍ ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോള്‍, നാലുമണിക്കൂറോളം ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു.


