തേനി ∙ ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ല ജയിൽ ചാടിയ തടവുകാരിൽ ഒരാൾ മാത്രം സ്വയം പൊലീസിൽ കീഴടങ്ങി. തടവുകാരനായ മധുര സ്വദേശി പ്രവീണാണ് പൊലീസ് നടത്തിയ തിരിച്ചലിന് ഇടയിൽ സ്വയം കീഴടങ്ങിയത്. ജയിലിലേക്ക് സ്വയം തിരിച്ചു വരികയായിരുന്നു പ്രവീൺ. രക്ഷപെടാനുള്ള എല്ലാ വഴികളും പൊലീസ് അടച്ചതാണ് പ്രവീണിനെ പിന്തിരിപ്പിച്ചത്. പൊലീസിന്റെ കൈയിൽ പെട്ടാൽ എൻകൗണ്ടർ പോലുള്ള നടപടി ഉണ്ടാകുമെന്നും പ്രവീൺ ഭയന്നതായി സംശയിക്കുന്നു. തുടർന്നാണ് കീഴടങ്ങിയത്. അതേസമയം പ്രവീണിനെ പിടിച്ചുവെന്നാണ് പൊലീസ് ഔദ്യോഗിക വിശദീകരണം. രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെയാണ് തിരച്ചിലിൽ പരിസരത്തു നിന്നു പിടിച്ചത്. മറ്റു മൂന്നു പേരെ പൊലീസ് പരിസരത്തു നിന്നു പിടിച്ചു.

അതിനിടെ, തടവുകാരുടെ സംഘം രക്ഷപെട്ടത് ജയിൽ ജീവനക്കാരന്റെ ഒന്നര പവന്റെ മാലയും മോഷ്ടിച്ച്. ജയിൽ ചാട്ടത്തിൽ ജയിൽ വാർഡൻ അടക്കം 10 ജയിൽ ജീവനക്കാരെ ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് സസ്പെൻഡ് ചെയ്തു. ജിഡിപിയുടെ നേതൃത്വത്തിൽ മധുരയിൽ ഉന്നതതല യോഗം ചേരുകയാണ്. തമിഴ്നാട് പൊലീസിന്റെ 17 സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. തടവുകാർ ഇടുക്കിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് മുന്നറിയിപ്പു നൽകി. സമീപ ജില്ലയായതിനാലും മലയും കാടും ഉള്ളതിനാൽ ഒളിച്ചിരിക്കാൻ കഴിയുമെന്ന് കരുതി സംഘം കേരളത്തിലേക്ക് കടക്കുമെന്നാണ് ആശങ്ക. കുമളി, മറയൂർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. നിലവിൽ കിട്ടിയ വിവരം അനുസരിച്ച് ചാടിയ തടവുകാർക്ക് കേരളത്തിൽ കേസുകളില്ല.

തമിഴ്, തെലുങ്കു സിനിമികളിലെ ജയിൽചാട്ട രംഗങ്ങളിൽ നിന്ന് പ്രേരണ ലഭിച്ചാണ് സംഘം കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വില്ലുപുരം, ഉത്തമപാളയം, തേനി, മധുര സ്വദേശികളാണ് ചാടിയവർ എല്ലാം. വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. 3 പേർ ഗുണ്ടകളാണ്. 4 ബ്ലോക്കുകളുള്ള ജില്ലാ ജെയിലിൽ 340 തടവുകാരുണ്ട്. സംഘം താമസിച്ച മൂന്നാം ബ്ലോക്കിൽ 92 പേരും. ഇതിൽ 17 പേർ മാത്രമാണ് ജയിൽ ചാടിയത്. രാത്രി 10.30നാണ് സംഭവം. അപസ്മാരം അഭിനയിച്ച് തടവുകാർ ഡ്യൂട്ടി ജീവനക്കാരനെ വിളിച്ചു വരുത്തി. തുടർന്നാണ് ആക്രമിച്ചത്. പരിശോധനയ്ക്ക് എത്തിയ മദൻ മോഹൻ എന്ന എസ്എസ്ഐയെ സംഘം ആദ്യം അടിച്ചു വീഴ്ത്തി. സെല്ലിൽനിന്ന് പുറത്തിറങ്ങിയ സംഘം മദൻ മോഹന്റെ മാല ഊരിയെടുത്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കപാണ്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം പലവഴിക്കു പിരിഞ്ഞു. ഉടൻ തന്നെ പൊലീസ് സംഘം തേനിയിലും പരിസരത്തും പരിശോധ ആരംഭിച്ചു. ലിംഗപ്രസാദ്, കറുപ്പസ്വാമി, തിരുപ്പതി, ഇളങ്കോ, രാജീവ്, ശബരിനാഥൻ, പൊൻമുത്തു, ശെൽവം, മീനാക്ഷി സുന്ദരം, നിജന്ത്, കാർത്തിക് രാജു, മുകിലൻ, തരുൺ, രാജ്കുമാർ തുടങ്ങിയവരാണ് ഒളിവിൽ


