പീരുമേട് : ഗ്ലെൻമേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്ത പ്രിൻസ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ. മദ്യപിച്ചു വഴക്കുണ്ടാക്കുക പതിവാണ്. ഇതിന്റെ പേരിൽ ചില കേസുകളുമുണ്ട്. കഴിഞ്ഞയിടെ എസ്റ്റേറ്റിലെ മോട്ടർ മോഷ്ടിച്ച കേസിൽ ജയിലിലായിരുന്നു. ഭാര്യ പ്രിയങ്ക വിദേശത്തു ജോലി ചെയ്തിരുന്ന സമയത്തും ഇയാൾ ഭാര്യാപിതാവ് ഇസ്രവേലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പൊതു പ്രവർത്തകരും ജനപ്രതിനിധികളും പലതവണ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. മദ്യപിച്ചു കഴിഞ്ഞാൽ പ്രിൻസ് ആരെയും വകവയ്ക്കാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതുമൂലം ഇയാൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ മറ്റാരും ഇടപെടാറില്ല.

പ്രണയം, വിവാഹം, ഒടുവിൽ അരുംകൊല; ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് പ്രിൻസും, പ്രിയങ്കയും വിവാഹിതരായത്. ആദ്യ നാളുകളിൽ സന്തോഷകരമായി ജീവിതം മുന്നോട്ടു പോയെങ്കിലും പ്രിൻസിന്റെ അമിത മദ്യപാനവും, നാട്ടിൽ ഇയാൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മൂലം കുടുംബ വഴക്ക് പതിവായി. ഇതിനിടെ ഒരു മകനും മകളും ജനിച്ചു. പ്രിൻസിന്റെ വഴിവിട്ട ജീവിതം കടുത്ത സാമ്പത്തിക ബാധ്യതകളും പ്രതിസന്ധിയും കുടുംബത്തിനു നൽകി. ഇതോടെ പ്രിയങ്ക ജോലി തേടി വിദേശത്തേക്കു പോവുകയായിരുന്നു. വിദേശത്തു നിന്നു തിരികെ വന്നതോടെ കുടുംബപ്രശ്നങ്ങൾ മൂർച്ഛിച്ചു. പ്രിയങ്ക താമസം മാതാപിതാക്കളോടൊപ്പമാക്കി. മകളെ സഹോദരിയുടെ വീട്ടിലാക്കി. മകനാകട്ടെ പ്രിയങ്കയ്ക്കും പ്രിൻസിനും ഒപ്പം മാറിമാറി താമസിക്കുകയായിരുന്നു.


