ന്യൂഡല്ഹി: സുപ്രീം കോടതി ചീഫ് രാജിവയ്ക്കണമെന്ന കോണ്ഗ്രസ് കേരളഘടകത്തിന്റെ എക്സ് പോസ്റ്റില് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വക്കീല് നോട്ടീസ്. ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പുപറയണമെന്നും ഇല്ലെങ്കില് കോടതിയലക്ഷ്യനടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്. സുപ്രീം കോടതി ബാര് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്

എക്സ് പോസ്റ്റ് വിവാദമായതോടെ കോണ്ഗ്രസ് പോസ്റ്റ് പിന്വലിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്ച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോണ്ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജില് പ്രത്യക്ഷപ്പെട്ടത്. എക്സ് പോസ്റ്റില് പരസ്യക്ഷമാപണം നടത്താത് എന്തെന്ന് വിശദികരിക്കണമെന്ന് സുപ്രീം കോടതി ബാര് അസോസിയേഷന് ജോയിന്റ് സെക്രട്ടറി അയച്ച വക്കീല് നോട്ടീസില് പറയുന്നു. ആരാണ് പോസ്റ്റ് തയ്യാറാക്കിയതെന്നും പോസ്റ്റ് ചെയ്തതെന്നും പറയണമെന്നും ഏഴ് ദിവസത്തിനുള്ളില് മറുപടി നല്കണമെന്നാണ് വക്കീല് നോട്ടീസില് പറയുന്നത്

എക്സ് പോസ്റ്റിന്റെ പേരില് കെ പി സി സിക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള് കണ്ടെത്താം’ എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിന്വലിച്ചിരുന്നു. സംഭവത്തില് ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്നിന്ന് നീക്കിയതായി പിന്നീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


