കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരണ ചെലുത്തിയ കുറ്റത്തിന് അറസ്റ്റിലായ 2, 3, 4 പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നലെ പരിഗണിച്ചത്. അതേസമയം, 23 വയസ്സിൽ താഴെയുള്ള പ്രതികൾക്ക് മദ്യം വിളമ്പിയതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസിന് ഹർജിക്കാർ നൽകിയ മറുപടി പരിശോധിച്ച് 7 ദിവസത്തിനകം തീരുമാനമെടുക്കാൻ എക്സൈസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.
മൂന്ന് പേർ ഒരു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു എന്നും ഇത് അപകടത്തിന് കാരണമായെന്നുമുള്ളതായിരുന്നു പ്രതിഭാഗത്തിന്റെ ഒരു വാദം. ഇതിനോട് കോടതി പ്രതികരിച്ചത്, അതുകൊണ്ട് ഇടിക്കാമോ എന്നായിരുന്നു. അവർ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ എന്ന് കോടതി മറുപടി പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തപ്പോൾ മൊഴി നൽകിയ പ്രിയാദ് അപകടം നടക്കുന്നത് കണ്ടിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. തന്നെ കാർ വെട്ടിച്ചു കടന്നു പോയി എന്നാണ് സാക്ഷി മൊഴി എന്നും ഇയാൾ അപകടം കണ്ടിട്ടില്ല എന്നതിൽ തങ്ങൾ ഉറച്ചു നിൽക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല, എഫ്ഐഎസ്സും എഫ്ഐആറും തമ്മിൽ വ്യത്യാസമുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഇതൊരു സാധാരണ അപകടം മാത്രമാണ്. എന്നാൽ തങ്ങൾക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്, മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടക്കുന്നുണ്ട്, ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്, ഇത് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഈ മാസം 11ന് വെളുപ്പിന് 1.45നാണ് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സഞ്ചരിച്ച് സ്കൂട്ടറിനു പിന്നിൽ കാർ ഇടിച്ച് മൂവരും തൽക്ഷണം കൊല്ലപ്പെടുന്നത്. കാർ ഓടിച്ചിരുന്ന സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് എഫ്ഐആറിൽ പ്രതിയുടെ പേരോ മദ്യപിച്ചിരുന്നു എന്നതോ ചേർക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. റിമാൻഡ് റിപ്പോർട്ടിലാണ് പ്രതി മദ്യപിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പരിശോധനാഫലത്തിൽ സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു എന്നും അനുവദനീയമായ (100 മില്ലി ലീറ്റർ രക്തത്തിൽ 30 മില്ലിഗ്രാം മദ്യം) അളവിലും 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവെന്നും കണ്ടെത്തിയിരുന്നു.
മദ്യപിക്കാനുള്ള പ്രായപരിധി എത്താത്ത പ്രതികൾക്ക് മദ്യം നൽകിയതിന് പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ 3 ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്യുകയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നിർദേശിച്ച് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് 2 ബാർ ഉടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിശോധിച്ചത്. തുടർന്ന് ഏഴു ദിവസത്തിനുള്ളിൽ നോട്ടിസിന്റെ മറുപടി പരിഗണിച്ച് തീരുമാനമെടുക്കാൻ എക്സൈസ് കമ്മിഷണർക്ക് നിർദേശം നൽകുകയായിരുന്നു.


