കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും, മകനെയും അസഭ്യം പറയുകയും മകന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആനിക്കാട് നൂറോമ്മാവ് ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ നെടുങ്ങാടപ്പള്ളി മാമ്പതി കോളനി ഭാഗത്ത് അഞ്ചാനിക്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന ജയേഷ് എ.ആർ (19) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കറുകച്ചാൽ ചമ്പക്കര ശ്രീരംഗം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്തവിളിക്കുകയും, വാതിലും ജനലും അടിച്ചുതകർക്കുകയും തുടർന്ന് മകന്റെ ബൈക്ക് കവർന്നുകൊണ്ട് പോവുകയുമായിരുന്നു.
വീട്ടമ്മയുടെ മകൻ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ ഇരുവരും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി ബൈക്ക് കവർന്നുകൊണ്ട് പോയത്.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, ജോൺസൺ ആന്റണി, സി.പി.ഓ പ്രദീപ്, സുരേഷ്, കണ്ണൻ, സിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും കറുകച്ചാൽ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇവരെ കോടതിയിൽ ഹാജരാക്കി.