തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത് ചർച്ചയായി . സമസ്ത എപി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായത്.’ആ പ്രസ്താവനയോട് യോജിപ്പില്ല’ എന്ന തലക്കെട്ടോടെ വാർത്താസമ്മേളനത്തിലെ വീഡിയോ അടങ്ങിയ പോസ്റ്റാണ് പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സമസ്ത സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ച കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനത്തിലെ വിവാദ ഭാഗങ്ങൾ അടങ്ങിയ വീഡിയോ അടങ്ങുന്ന പോസ്റ്റ് പേജിൽ നിന്ന് അപ്രത്യക്ഷമായത്.

ബുധനാഴ്ച വാർത്താസമ്മേളനം കഴിഞ്ഞയുടൻ കാന്തപുരം വിഭാഗത്തിലെ സുന്നി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒരേസമയം ഷെയർ ചെയ്തപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റ് അപ്രത്യക്ഷമാകാൻ കാരണം.

വിമർശനം പിൻവലിക്കാൻ സർക്കാർ ആഗ്രഹിച്ചിരുന്നുവെങ്കിൽ അത് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യുമായിരുന്നു. എന്നാൽ ഈ കുറിപ്പും വീഡിയോയും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലഭ്യമാണ്. കൂടാതെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണ രൂപം ഫേസ്ബുക്കിലും ലഭ്യമാണ്. അതിനാൽ നിലപാടിൽ നിന്ന് പിന്നോട്ടുപോയി എന്ന തരത്തിലുള്ള വാർത്തകൾ തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎംഒ വൃത്തങ്ങൾ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തെ കണക്കിന് പരിഹസിച്ചാണ് സിപിഎം നേതാവ് പി. രാജീവ് രംഗത്തെത്തിയത്. ലോകത്ത് മറ്റെങ്ങുമില്ലാത്ത ചില പ്രത്യേക സംവിധാനങ്ങൾ കേരളത്തിൽ മാത്രമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെല്ലാം തനിയെ അപ്രത്യക്ഷമാവുകയാണ്. മെറ്റയുടെ ഉള്ളിൽ മുഖ്യമന്ത്രിക്ക് മാത്രമായി ഒരു ‘ബർമുഡ ട്രയാംഗിൾ’ തന്നെയുള്ളതുപോലെയാണ് കാര്യങ്ങൾ”—രാജീവ് പരിഹസിച്ചു.

കാന്തപുരത്തെ ഭയന്ന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിലൂടെ വിഡി സതീശന്റെ സ്ത്രീശാക്തീകരണ വാദങ്ങളുടെ പൊള്ളത്തരമാണ് വെളിച്ചത്തായതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഇരട്ടത്താപ്പിനും ലജ്ജയില്ലായ്മയ്ക്കും മറ്റൊരു പേരുണ്ടെങ്കിൽ അത് കോൺഗ്രസ് എന്നാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അധികാരം നിലനിർത്താൻ ഏത് പ്രതിലോമകരമായ ശക്തികൾക്ക് മുന്നിലും മുട്ടിലിഴയുന്ന അവസ്ഥയിലാണ് കോൺഗ്രസ്. കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസല്ല, മറിച്ച് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്ന ബിജെപിയുടെ മുന്നറിയിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *