ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ചതു ‘സ്ട്രിപ്പിങ് സോള്‍ട്ട്’ എന്നറിയപ്പെടുന്ന രാസവസ്തുവെന്ന് ഉറപ്പാക്കി ശാസ്ത്രീയ പരിശോധനാഫലം. അടുത്തയാഴ്ച എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന കട്ടിളപ്പാളി കേസിന്റെ അന്തിമ കുറ്റപത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയേക്കും.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു ശേഖരിച്ച സ്ട്രിപ്പിങ് സോള്‍ട്ടിന്റെ സാംപിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നു ലഭിച്ച പരിശോധനാഫലം സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണായകമായി

കട്ടിളപ്പാളി മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണു ശാസ്ത്രീയമായ പരിശോധനയിലെ കണ്ടെത്തല്‍. സ്വര്‍ണം വേര്‍തിരിക്കാന്‍ മെര്‍ക്കുറിയും അനുബന്ധ രാസലായനികളും ചേര്‍ത്തതിനെ തുടര്‍ന്നു പാളിയുടെ ഘടനയില്‍ വ്യത്യാസം ഉണ്ടായതായി ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി എസ്‌ഐടിക്കു മൊഴി നല്‍കിയിട്ടുണ്ട്. രാസവസ്തുക്കള്‍ വാങ്ങിയത് മുംബൈയില്‍നിന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം 430 പേരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. ജംഷഡ്പുരിലെ ലബോറട്ടറിയിലെ വിദഗ്ധരും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കേസില്‍ സാക്ഷികളാകുമെന്നാണു വിവരം.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നു കോടതി എസ്‌ഐടിക്കു നിര്‍ദേശം നല്‍കിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നീ രണ്ടു കേസുകളിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *