അഭ്യൂഹങ്ങൾക്ക് വിരാമം. ബ്രൂണെയിൽ കണ്ടെത്തിയ മലയാളി കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്നാണ് പൊലീസ് സ്‌ഥിരീകരണം. ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ 10 സെന്റ് ഭൂമിയുണ്ട്. ഈ രേഖകൾ പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു. സ്ഥിരീകരണത്തിന്റെ ഭാഗമായി ദാമോദര മേനോനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ദാമോദര മേനോൻ പൊലീസിനോട് പറഞ്ഞു.

നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു. രണ്ടുമാസം മുൻപ് ആരോഗ്യപ്രശ്ന‌ങ്ങളെത്തുടർന്ന് ചികിൽസ തേടിയപ്പോൾ ദാമോദര മേനോൻ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തമിഴിൽ മറ്റൊരാളുമായി സംസാരിക്കുന്നതാണ് വിഡിയോ. തന്റെ ആരോഗ്യപ്രശ്‌നങ്ങളെ പറ്റിയും കഴിക്കാൻ പറ്റുന്ന ഭക്ഷണത്തെ പറ്റിയും ഈ വിഡിയോയിൽ ദാമോദര മേനോൻ സംസാരിക്കുന്നുണ്ട്.

സുരേന്ദ്ര മേനോൻ, സരള എന്നിങ്ങനെ ദാമോദരന്റെ സഹോദരനും സഹോദരിയുമുണ്ട് നാട്ടിലുണ്ട്. ഇവർ താമസിക്കുന്ന തറവാട് വീട് ദാമോദര മേനോന്റെ പേരിലാണ്. വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായി കഴിയുന്ന ദാമോദര മേനോൻ അവസാനമായി നാട്ടിലെത്തിയത് 30 വർഷങ്ങൾക്ക് മുൻപാണ്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹവും കുടുംബവും മലേഷ്യൻ പൗരത്വത്തോടെയാണ് അവിടെ ജീവിക്കുന്നത്. ഒരു മാസം മുൻപ് തങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *