തിരുവനന്തപുരം: തിരുവോണ ദിനമായ നാളെ സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഇല്ല.

മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ഇതുവരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തിരുവോണ ദിനമായ നാളെ നേരത്തെ നാലു ജില്ലകളിൽ മാത്രമായിരുന്നു അതിശക്ത മഴ സാധ്യത പ്രവചിച്ചിരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട്. പുതിയ മുന്നറിയിപ്പിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദം തുടരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

