ന്യൂഡൽഹി: സിഎംആർഎൽ – എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നടത്തുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ പുലർത്തുന്ന മൗനം സംശയാസ്പദമാണെന്ന് മുതിർന്ന ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഎം നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. പ്രതിയായ കേസിൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ പ്രമുഖരായ പല യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ നിശബ്ദതയ്ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് മാസമായി അധികാരത്തിലിരിക്കുന്ന സതീശൻ സർക്കാർ മുൻ എൽഡിഎഫ് സർക്കാരിന്റെ അതേ നയങ്ങളാണ് തുടരുന്നതെന്നും, എല്ലാ വിഷയങ്ങളിലും ഇരുമുന്നണികൾക്കും ഒരേ നിലപാടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് നിരന്തരം ആരോപിച്ചിരുന്ന സതീശൻ, ഇപ്പോൾ ഇഡി അന്വേഷണം ശക്തമായി തെളിവുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.

സിഎംആർഎൽ കേസിൽ എൽഡിഎഫിലെയും യുഡിഎഫിലെയും നേതാക്കൾക്ക് ഒരുപോലെ പങ്കുണ്ടെന്നും ഇരുവിഭാഗവും കമ്പനിയിൽ നിന്ന് മാസപ്പടിയും കൈക്കൂലിയും വാങ്ങിയിട്ടുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. കേരളത്തിൽ എൽഡിഎഫ് – യുഡിഎഫ് ഒത്തുകളി ശക്തമാണെന്നും, സിഎംആർഎൽ അഴിമതിപ്പണം ഹവാല ഇടപാടുകൾ വഴി കേരളത്തിൽ നിന്ന് ഗൾഫിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികൾ ബിജെപിയെ ഒഴിവാക്കി പക്ഷപാതപരമായി അന്വേഷണം നടത്തുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയായി, ബിജെപിക്കെതിരെ എന്തെങ്കിലും പരാതിയോ കേസോ ഉണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു. പാർട്ടി അറബിക്കടലിൽ മുങ്ങിക്കൊണ്ടിരിക്കുമ്പോൾ സമനില തെറ്റിയതുപോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി അസംബന്ധങ്ങൾ സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


