ദുരന്ത സമയത്ത് രാഷ്ട്രീയം പറയുന്നോ’ എന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ പ്രതിപക്ഷത്തോടുള്ള ചോദ്യം. ഇന്ന് അതേ സിപിഎം, അതിതീവ്രമഴയുടെ പശ്ചത്താലത്തിലും രാഷ്ട്രീയം പറയുകയല്ല, കളിക്കുകയാണ്. എന്തായാലും ഇക്കുറി അക്കളിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. പ്രകൃതിദുരന്തത്തില്‍ നാട് നടുങ്ങി നില്‍ക്കെ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തകര്‍ക്കാനും സര്‍ക്കാരിനെതിരെ അനാവശ്യ ജനരോഷം ഇളക്കിവിടാനും ശ്രമിച്ച രാഷ്ട്രീയ നാടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പൊളിച്ചടുക്കിയിരിക്കുകയാണ്.

ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രാഥമിക സൗകര്യങ്ങളില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിലൂടെ രോഷാകുലയായി സംസാരിച്ച സ്ത്രീയെ കൊണ്ട് സഖാക്കള്‍ ഇളക്കി വിട്ട് പറയിച്ചതാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘എന്തോത്തിനാ ഈ ഗവണ്‍മെന്റ്, ഞങ്ങളുണ്ടായിട്ടല്ലേ ഇവര് കേറി കേറി പോകുന്നത്. ഇനി ഞങ്ങള്‍ കണ്ടോളാം, ഇതിനേക്കാള്‍ എന്ത് ഡീസന്റായിരുന്നു വിജയന്‍’ എന്നൊക്കെ വാര്‍ത്താ ചാനലിന് മുന്നില്‍ വൈകാരികമായി പൊട്ടിത്തെറിച്ച അതേ അമ്മയെയാണ് പിന്നീട് ക്യാമ്പില്‍ വച്ച് തിരിഞ്ഞുനിന്നു മറുപടി പറയുന്ന അവസ്ഥയില്‍ കണ്ടത്.

https://www.facebook.com/watch/?v=813085625149740

രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് രോഷം പ്രകടിപ്പിച്ച അമ്മയോട്, ‘രാവിലെ എന്തൊക്കെയോ പരാതി അമ്മയ്ക്ക് ഉണ്ടെന്ന് പറഞ്ഞല്ലോ, എന്തായിരുന്നു വിഷമം?’ എന്ന് പിന്നീട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. തനിക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും, തന്റെ അടുത്ത് നിന്ന ‘ബിജിലി മോന്‍’ ചില കാര്യങ്ങള്‍ പറയണം എന്ന് പറഞ്ഞതുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞതാണെന്നുമാണ് അമ്മ തുറന്നുപറഞ്ഞത്. ‘എന്റെ ബിജിലി മോന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞു… അത്രയേയുള്ളൂ കാര്യം, അല്ലാതെ വേറെയൊരു കാര്യവുമില്ല’ എന്ന അമ്മയുടെ വെളിപ്പെടുത്തലോടെ രാവിലെ ചാനലില്‍ കണ്ട രോഷപ്രകടനം കേവലം തിരക്കഥ മാത്രമാണെന്ന് വ്യക്തമായി.

സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ ബിജിലി പി. ഈശോ എന്ന നേതാവാണ് ക്യാമ്പിലെ അന്തരീക്ഷം കളങ്കപ്പെടുത്താന്‍ ഈ സ്ത്രീയെ മുന്നില്‍ നിര്‍ത്തി നാടകം കളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയും പ്രാദേശിക വൃത്തങ്ങളും ചുണ്ടിക്കാണിക്കുന്നത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍( മേലുകര കിഴക്ക്) ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു ബിജിലി. മഴക്കെടുതിയില്‍ ആശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ട ദുരിതാശ്വാസ ക്യാമ്പുകളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച നേതാവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍, ദുരിതബാധിതരായ സാധാരണക്കാരെ കരുവാക്കി വ്യാജപ്രചരണങ്ങളും രാഷ്ട്രീയ കുത്തിത്തിരിപ്പുകളും നടത്തുന്നത് തടയാന്‍ പട്ടാളം ഇറങ്ങിയാലും നടക്കില്ലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുന്നത്.

നാടിന് ഭീഷണിയാകുന്ന പ്രകൃതിദുരന്തങ്ങളേക്കാള്‍ അപകടകരമാണ് ദുരന്തമുഖത്ത് പോലും പാര്‍ട്ടി ലാഭത്തിനായി വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്ന ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളെന്ന് പൊതുസമൂഹം വിലയിരുത്തുന്നു. സംഭവത്തില്‍ പ്രതിപക്ഷത്തുനിന്നും പ്രാദേശിക ജനങ്ങളില്‍ നിന്നും കടുത്ത അമര്‍ഷമാണ് ഉയരുന്നത്. അതേസമയം ദേശാഭിമാനിയില്‍, സത്യത്തെ തമസ്‌കരിച്ച് ഈ വാര്‍ത്ത വന്നത് ഇങ്ങനെയാണ്: വെളിച്ചമില്ല, യാതൊന്നുമില്ല, ഞങ്ങള്‍ ആകപ്പാടെ അനാഥരായി. എന്ത് ഡീസന്റായിരുന്നു വിജയന്‍’- ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള അമ്മയുടെ വാക്കുകളിലുണ്ട് എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *