കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത് വില്ലേജിൽ കണമല, അട്ടിവളവ് ഭാഗത്ത് കോട്ടക്കുഴിയിൽ വീട്ടിൽ ബേബിയുടെ മകൻ ജിൻസ് ബേബിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.

പിഴത്തുക അടയ്ക്കുന്ന പക്ഷം അതിൽ നിന്നും 15,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2025 നവംബർ 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തിടനാട് പോലീസ് സ്റ്റേഷൻ എസ്.ഐ നജീബ് കെ. എ. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെയും 11 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


