വോട്ടിന് പണം നല്‍കിയെന്ന ആരോപണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണന്നും താന്‍ വോട്ടിന് പണം നല്കുന്നയാളാണെന്ന് ബോധപൂര്‍വം ചിത്രീകരിക്കുകയാണെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. പണം നല്കുന്ന ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ലെന്നും അവര്‍ തന്റെ കാറില്‍ കയറിയിട്ടില്ലെന്നും ആ സ്ത്രീയെ ഇറക്കിയത് കോണ്‍ഗ്രസുകാര്‍ തന്നെയെന്നും ശോഭാ സുരന്ദ്രന് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ കണ്ണാടിയിലെ വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ശോഭാ സുരേന്ദ്രന് പറയുന്നതും ക്ഷോഭിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭ പറയുന്നു. ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ശോഭ മാധ്യമങ്ങളെ കണ്ടത്.

