ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ ഫുട്‌ബോള്‍ ആരാവങ്ങളിലേക്ക് കൊച്ചി നഗരം വീണ്ടും ഉണരുന്നു. ഇന്ന് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനു കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കാനിറങ്ങും. എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോടു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ത്ത് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ടീം. മുംബൈ സിറ്റി എഫ്‌സി ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി സീസണ്‍ വിജയത്തോടെ തുടങ്ങിയാണ് എത്തുന്നത്.

പുതുക്കിപ്പണിത ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രണ്ട് വിദേശ താരങ്ങളാണ് ആദ്യ ഇലവനില്‍ ടീമിനായി കളത്തിലെത്തിയത്. ഗിനിയന്‍ താരം ഒമര്‍ ബായും മുന്നേറ്റത്തില്‍ സ്പാനിഷ് താരം വിക്ടര്‍ ബെര്‍ത്തോമിയോയും. ഇരുവരും ഇന്നും കളത്തിലെത്തും. മുന്നേറ്റത്തില്‍ ഫ്രഞ്ച് താരം കെവിന്‍ യോക്കിനെയാണ് ടീം ഉറ്റുനോക്കുന്നത്. ബഗാനെതിരെ പകരക്കാരന്റെ റോളില്‍ ഇറങ്ങിയ ജര്‍മന്‍ താരം മര്‍ലോണ്‍ റൂസ് മുന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വിടവ് നികത്തുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

ഇന്ത്യന്‍ താരങ്ങളില്‍ കോറു സിങാണ് കൊമ്പന്‍മാരുടെ മറ്റൊരു പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ താരം മിന്നും പ്രകടനമാണ് നടത്തിയത്. ഗോളടിക്കാനും അടിപ്പിക്കാനും താരം മുന്നില്‍ നില്‍ക്കുന്നു. മധ്യനിരയില്‍ താരം കളം വാണാല്‍ മലയാളി താരങ്ങളായ വിബിന്‍ മോഹന്‍, നിഹാല്‍ സുധീഷ് എന്നിവര്‍ക്കും കളം നിറഞ്ഞു കളിക്കാനുള്ള അവസരമൊരുങ്ങും. സന്തോഷ് ട്രോഫി, സൂപ്പര്‍ ലീഗ് കേരള പോരാട്ടങ്ങളില്‍ മികവ് തെളിയിച്ച മുഹമ്മദ് അജ്‌സലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിര്‍ണായക താരമാകാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *