പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തിവരികയായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാൻഡിന് മുൻവശത്തെ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു ശങ്കരപാണ്ഡ്യൻ. ഈ സമയം കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും എത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടം നടന്ന ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു ആംബുലൻസിൽ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പതിറ്റാണ്ടുകളായി പൊൻകുന്നത്ത് വ്യാപാരം നടത്തിവരുന്ന ആളാണ് ശങ്കരപാണ്ഡ്യൻ. സംഭവത്തിൽ പൊൻകുന്നം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

