“നമ്മുടെ ജീവിതത്തിലെ പ്രകാശം അസ്‌തമിച്ചിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്”, രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വിയോഗത്തെ കുറിച്ച് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോൾ പറഞ്ഞ പ്രശസ്‌തമായ വരികൾ ഇതായിരുന്നു. ഇന്ന് (ജനുവരി 30) രാജ്യം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷി ദിനം ആചരിക്കുന്നു. സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രവാചകനായിരുന്ന മഹാത്മാവ് മതഭ്രാന്തിൻ്റെ വെടിയുണ്ടകളാല്‍ കൊല്ലപ്പെടുകയായിരുന്നു.

1948 ജനുവരി 30-ന് ഡൽഹിയിൽ കടുത്ത തണുപ്പുള്ള ഒരു ദിവസം. വിഭജനത്തെത്തുടർന്നുണ്ടായ വർഗീയ ലഹളകൾ ശമിപ്പിക്കാൻ ഉപവാസം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഗാന്ധിജി. വൈകുന്നേരം ബിർള ഹൗസിലെ പുൽത്തകിടിയിൽ നടക്കാറുള്ള പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം തയാറെടുത്തു.

പ്രാർത്ഥനയ്ക്ക് എത്താൻ അല്‌പം വൈകിയതിനാൽ തൻ്റെ സഹായികളായ മനു ഗാന്ധിയുടെയും ആഭ ഗാന്ധിയുടെയും തോളിൽ കൈപിടിച്ച് വേഗത്തിലാണ് അദ്ദേഹം പ്രാർത്ഥനാ വേദിയിലേക്ക് നടന്നത്. വൈകുന്നേരം 5:17-ഓടെ പ്രാർത്ഥനാ വേദിയിലേക്കുള്ള പടവുകൾ കയറുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്നും തീവ്ര ഹിന്ദുത്വവാദിയായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ മുന്നോട്ടുവന്നു.

ഗാന്ധിജിയെ വന്ദിക്കുന്ന ഭാവത്തിൽ കുനിഞ്ഞ ഗോഡ്‌സെ, മനു ഗാന്ധിയെ തള്ളിമാറ്റുകയും തൻ്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന ബെറെറ്റ പിസ്റ്റൾ ഉപയോഗിച്ച് ഗാന്ധിജിക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്‌തു. നെഞ്ചിലും വയറിലുമായി വെടിയേറ്റ ഗാന്ധിജി പതുക്കെ നിലംപതിച്ചു. കൈകൾ കൂപ്പി അദ്ദേഹം “ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ചായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്.

ഗാന്ധിയുടെ കൊലപാതകം ലോകത്താകെ വലിയ ഞെട്ടലുണ്ടാക്കി. രാത്രി 6 മണിക്ക് ആകാശവാണിയിലൂടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വികാരാധീനനായി രാഷ്ട്രത്തെ ഈ വാർത്ത അറിയിച്ചു. “നമ്മുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞിരിക്കുന്നു” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ലോകം മുഴുവൻ അലയടിച്ചു.

ജനുവരി 31-ന് ദില്ലിയിലെ യമുനാ നദിക്കരയിലുള്ള രാജ്ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിച്ചു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങൾ നടന്ന ബിർള ഹൗസ് ഇന്ന് ഗാന്ധി സ്‌മൃതി എന്ന പേരിൽ ഒരു സ്‌മാരകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം അവസാനമായി നടന്ന പാതയും വീണ സ്ഥലവും അവിടെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

