എരുമേലി: എരുമേലിയില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് അന്യ സംസ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ മാലവില്‍ക്കാന്‍ എത്തിയവര്‍ക്കാണ് പരിക്കേറ്റതെന്നും നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വെളുപ്പിനെ മൂന്ന് മണിയോടെയായിരുന്നു അപകടം. എരുമേലി കെ എസ് ആര്‍ റ്റി സി ക്ക് സമീപം, എരുമേലി – കരിമ്പിന്‍തോട് ബൈപാസ് റോഡിലേക്ക് എത്തുന്ന ഭാഗത്തുള്ള ദേവസ്വം ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലെ ഓടയുടെ വലിയ സ്ലാബാണ് തകര്‍ന്നത്.

ഈ സ്ലാബിന് സമീപത്ത് ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മുന്ന് പേരും സ്ലാബ് തകര്‍ന്ന് ഓടയില്‍ വീഴുകയായിരുന്നു. ശബരിമല തീര്‍ത്ഥാടകരടക്കം നൂറുകണക്കിന് പേര്‍ സഞ്ചരിക്കുന്ന ഈ റോഡരികിലുള്ള ഓടയുടെ പല സ്ലാബുകളും അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മുമ്പ് ഇതിന് സമീപത്ത് തന്നെ വാഹനം കയറി മറ്റൊരു സ്ലാബ് തകര്‍ന്നിരുന്നു.

അപകടത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എത്തി വീപ്പകള്‍ വച്ച് മറച്ച് കെട്ടി അപകടം ഉണ്ടാകാതിരിക്കാനുള്ള താത്ക്കാലിക നടപടി ചെയ്തു. ഇരുമ്പ് കൊണ്ട് കൂടുതല്‍ സുരക്ഷയുള്ള സ്ലാബിനും മറ്റുമായി വേലിയും ചേര്‍ത്ത് ഉടനെ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *