വാ, വരൂ സ്വാമീ… എന്നതു ലോപിച്ചാണോ വാവരു സ്വാമി എന്നായത്! അതെ എന്നു പറയുന്നുണ്ട് എരുമേലിയിലെ വിസ്മയക്കാഴ്ച്‌ചകൾ. ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പേട്ടതുള്ളി കൂപ്പുകൈകളുമായി നൈനാർ പള്ളിയിലെത്തുന്ന അയ്യപ്പഭക്തരെ തുറന്ന കൈകളുമായി ഭസ്‌മം നൽകി സ്വീകരിക്കുന്നു ജമാഅത്ത് കമ്മിറ്റിക്കാർ. സ്വന്തം വീടിന്റെ പൂമുഖത്തു നിന്നു സ്വീകരണമുറിയിലേക്കു കാലെടുത്തു വയ്ക്കുന്ന സ്വാഭാവികതയേയുള്ളൂ ആ വരവിന്.
ഒരു വാതിൽപടി കടക്കുന്നത് അനായാസം. നൂറ്റാണ്ടുകളായി ആ വാതിൽ തുറന്നു കിടക്കുകയാണ്. ഇന്ന് അതുവഴി സാഹോദര്യത്തിൻ്റെ സുഗന്ധവും ഒഴുകിപ്പരക്കും- ചന്ദനക്കുടത്തിന്റെ സുഗന്ധം. നാളെ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ കൂടിയാകുമ്പോൾ മാനവികതയുടെ വാർഷികാഘോഷം പൂർണം. പുലിപ്പുറമേറിയ സ്വാമി അയ്യപ്പൻ കൂട്ടുകാരനായ വാവരെ നോക്കിയിരിക്കുന്ന പേട്ടക്കവല എരുമേലിയുടെ ഹൃദയമാണെങ്കിൽ ചന്ദനക്കുടവും പേട്ടതുള്ളലും അതിലെ രക്തതചംക്രമണമാണ്.

ഹൃദയത്തിന്റെ നാലറകളും കയറിയെത്തുന്ന രക്തം ശരീരമെങ്ങും പ്രവഹിച്ചെത്തുന്ന പോലെ എരുമേലിയുടെ എല്ലാ കോണിലുമെത്തുന്നു ആ ഘോഷയാത്ര. സൂര്യൻ പടിഞ്ഞാറു താഴുമ്പോൾ ആനപ്പുറമേറി പ്രയാണം തുടങ്ങുന്ന ചന്ദനക്കുടം സ്വീകരണങ്ങൾ കൊണ്ടു തുളുമ്പും. പൂവത്തിങ്കൽ ഗേറ്റ്, ചരള പള്ളി, വലിയമ്പലം, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി ജംക്‌ഷൻ, ചെമ്പത്തുങ്കൽ പാലം എന്നിങ്ങനെയാണു യാത്ര. ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കു നൈനാർ പള്ളി വളപ്പിൽ തന്നെ കൊടി താഴുമ്പോൾ സൂര്യൻ വീണ്ടും ഭൂമിയിലെ ആ അപൂർവദൃശ്യങ്ങൾ കാണാൻ തിരക്കു കൂട്ടിത്തുടങ്ങിയിട്ടുണ്ടാകും.

ഒരു രാവിൽ ആഘോഷിച്ചു തീരുന്നതല്ല എരുമേലിയുടെ സാഹോദര്യം. നാളെ രാവിലെ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ, അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ തുടങ്ങുന്നു. സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം ഈരടികളുമായി പള്ളിയിലെത്തി പുഷ്പവൃഷ്‌ടി സ്വീകരിച്ച്, വാവരുടെ പ്രതിനിധിയെയും കൂട്ടിയാണു പിന്നീടുള്ള പ്രയാണം. ജനങ്ങളെ ഭയപ്പെടുത്തിയ മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ചപ്പോൾ ആളുകൾ ആനന്ദനൃത്തമാടിയതിന്റെ ഓർമ പുതുക്കലാണ് പേട്ടതുള്ളൽ എന്നാണ് ഐതിഹ്യം.

ഉച്ചതിരിഞ്ഞ് ആകാശത്തു നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ, അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിനു തുടക്കമാകുന്നു. വാവർ അമ്പലപ്പുഴ സംഘത്തിനൊപ്പം പോയി എന്ന വിശ്വാസത്തിൽ പള്ളിയിൽ പ്രവേശിക്കാതെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. വൈകിട്ടോടെ അവരും ധർമശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. മനുഷ്യർ തമ്മിലുള്ള വിശ്വാസത്തിന്റെ മാർദവമാണ് ചന്ദനക്കുടത്തിന്റെയും പേട്ടതുള്ളലിന്റെയും ഉൾക്കാമ്പ്. അത് ആഘോഷമാവാതെ തരമില്ല. മയിലാട്ടം മുതൽ മാപ്പിളപ്പാട്ടു വരെയുണ്ടാകും ആ മേളത്തിൽ.

തിന്മയെ നേരിടാനുള്ള യാത്രകളിൽ അയ്യപ്പന്റെ കയ്യാളായിരുന്നു വാവർ എന്നാണ് ഐതിഹ്യം. സന്നിധാനത്തെ വാവരുസ്വാമി നടയിലെ വാൾ അതിന്റെ പ്രതീകമാണ്. കുരുമുളകും കൽക്കണ്ടവുമാണ് അവിടെ പ്രസാദം. എരുമേലിയിലുള്ളത് മനുഷ്യർക്കിടയിലുള്ള മതിലുകൾ ഇല്ലാതാക്കിയ വാവരാണ്. അതിനിത്തിരി മധുരം കൂടും. ഉണ്ണിയപ്പവും മാലിസപ്പൊടിയും പ്രസാദത്തിൻ്റെ കൂട്ടത്തിലുണ്ട്. അരി വറുത്തു പൊടിച്ച് അതിൽ ചുക്ക്, ഏലയ്ക്ക, കൽക്കണ്ടം, ജീരകം എന്നിവ ചേർത്തുണ്ടാക്കുന്നതാണ് മാലിസപ്പൊടി.

ചന്ദനക്കുടത്തിനു പൊട്ടുതൊട്ട പോലെ ആഘോഷത്തലേന്നു ദീപാലംകൃതമായി നിൽക്കുകയാണ് നൈനാർ പള്ളി. ദേഹമാസകലം വർണങ്ങൾ വാരിപ്പൂശി, തോളിൽ പേട്ടക്കമ്പും കയ്യിൽ പാണൽച്ചെടിയുമായി പള്ളിപ്പടി കയറിയെത്തുന്നു അയ്യപ്പഭക്തർ. വാവരുടെ സാന്നിധ്യമറിഞ്ഞ്, നാളികേരമുടച്ച്, പള്ളി പ്രദക്ഷിണം വച്ച് പിന്തിരിയാതെ പടിയിറങ്ങുന്നു അവർ.

പൊലീസ് സുരക്ഷ
നിലവിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക.

