റീല്‍സില്‍ നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പോര്‍വിളി നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങള്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കമന്റ് ചെയ്തവര്‍ക്കെതിരെയുമാണ് നടപടി. സിപിഎം, മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇടപെടല്‍.’റെഡ് ആര്‍മി’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഡിസംബര്‍ 16ലാണ് ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിനു പിന്നാലെയാണ് സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യല്‍, സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാകും പ്രതികളുടെ പട്ടിക തയാറാക്കുക.

