കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കവാടം മുതൽ അത്യാഹിത വിഭാഗം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റോഡിലെ കുഴികളുടെ ചിത്രം വലിയ ചർച്ചയാവുകയും പൊതുജനം അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇന്നലെ കവാടത്തിലെ കുഴികളിൽ സിമന്റ് മിശ്രിതം ഒഴിച്ച് താൽക്കാലികമായി അടച്ചു.

എന്നാൽ നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന ആശുപത്രിയിൽ ഇത്തരമൊരു നടപടി ശാശ്വത പരിഹാരമാകില്ലെന്നാണ് പരാതി ഉയരുന്നത്. ​ആശുപത്രി കവാടം മുതൽ അത്യാഹിത വിഭാഗം വരെയുള്ള റോഡ് പൂർണ്ണമായും തകർന്നു കിടക്കുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളും വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയിൽ സിമന്റ് ഉപയോഗിച്ചുള്ള താൽക്കാലിക അറ്റകുറ്റപ്പണി അധികനാൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കനത്ത ഭാരമുള്ള വാഹനങ്ങൾ കയറുന്നതോടെ സിമന്റ് പാളികൾ പൊടിഞ്ഞ് റോഡ് വീണ്ടും പഴയ അവസ്ഥയിലാകാൻ സാധ്യതയുണ്ട്.
​നിലവിലെ രീതിയിലുള്ള താൽക്കാലിക നടപടികൾക്ക് പകരം, കവാടം മുതൽ ആശുപത്രിയുടെ ഉൾഭാഗം വരെയുള്ള റോഡ് ശാസ്ത്രീയമായ രീതിയിൽ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി ശാശ്വതമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന പൊതുവികാരമാണ് ഇപ്പൊൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *