നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്യാമറമാനായ വിപിന്‍ പുതിയ ങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഒഫീഷ്യല്‍ പ്രഖ്യാപനമാണെന്നും മീര പറയുന്നു. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു മീര. നടി പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മീരയും വിപിനും വിവാഹിതരായത്. നടിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്നു പേരുള്ള മകനുണ്ട്. നടിയും കലാകാരിയുമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മീര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അന്ന് താരം പറഞ്ഞു.

‘ഈ വര്‍ഷം 2025 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരു നടിയും കലാകാരിയുമെന്ന നിലയില്‍ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വര്‍ഷങ്ങളിലൂടെ ഒരു നല്ല സിനിമാ ടെക്‌നീഷ്യനും നടനും മികച്ച ആശയവിനിമയക്കാരിയുമായി മാറാനും പഠിക്കാനും അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്റെ എല്ലാ പരാജയങ്ങള്‍ക്കും, നിരാശകൾക്കും, ഒറ്റപ്പെടലിന്റെയും ഒഴിവാക്കലിന്റെയും നിമിഷങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവളായിരിക്കും. കാരണം ആര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും എന്താണ് പ്രാധാന്യമുള്ളതെന്ന് ചിന്തിക്കാനും അതിന് വിലകൊടുക്കാനും സഹായിച്ചത് അതാണ്’– ഇതായിരുന്നു മീരയുടെ വാക്കുകള്‍.

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട്‌ മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെയും അഭിനയത്ത് സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *