തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് (80 വയസ്സ് ) വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയുമാണ് വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊലപ്പെടുത്തിയത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്‍ കരുതിയിരുന്ന വെള്ളംപോലും എടുത്തു കളഞ്ഞു. ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടില്‍നിന്ന് മണിയന്‍കുടിയിലേക്ക് താമസം മാറിയിരുന്നു.

പിന്നീട് ഫൈസലിന്റെ വീട്ടിലെത്തിയ ഹമീദ് സ്വത്തിനെച്ചൊല്ലി മകനുമായി വഴക്കുണ്ടാക്കി. കടമുറികൾ അടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം കൊച്ചുമക്കളായ നിഷ്കളങ്കരായ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *