മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. നടനും മിമിക്രി താരവുമായ ഉല്ലാസ് താരമാകുന്നത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് അദ്ദേഹം. ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നതാണ് ഉല്ലാസ് പന്തളത്തിന്റെ സ്‌കിറ്റുകള്‍. ഉല്ലാസിനെ അറിയുന്നവരെയെല്ലാം വേദനിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിഡിയോ.
കഴിഞ്ഞ ദിവസം ഉല്ലാസിന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നുള്ളതാണ് വിഡിയോ. അവതാരകയും ഉല്ലാസിന്റെ സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യനിലയാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
കുടുംബത്തിനൊപ്പമാണ് ഉല്ലാസ് പരിപാടിക്കെത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെയാണ് ഉല്ലാസ് വിഡിയോയില്‍ കാണപ്പെടുന്നത്. ഇടതു കൈയ്ക്ക് സ്വാധീനം കുറവുള്ളതായും കാണപ്പെടുന്നു. താരം നടക്കുന്നത് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ്. ഉല്ലാസിന്റെ കൈപിടിച്ച് നടക്കാന്‍ ലക്ഷ്മി നക്ഷത്ര സഹായിക്കുന്നുണ്ട്. കാറില്‍ കയറിയ ശേഷം ഉല്ലാസ് പന്തളം വികാരഭരിതനായി കരയുകയും ചെയ്യുന്നുണ്ട്.
പിന്നാലെ ചിരിച്ചുകൊണ്ട് പോകൂ ഉല്ലാസേട്ടാ എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ലക്ഷ്മിയും വളരെ വികാരഭരിതയായിട്ടാണ് കാണപ്പെടുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന് എന്താണ് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.തനിക്ക് സ്‌ട്രോക്ക് ആയിരുന്നുവെന്നും ഇക്കാര്യം ആര്‍ക്കും അറിയില്ലായിരുന്നുവെന്നുമാണ് ഉല്ലാസ് ഒരു വിഡിയോയില്‍ പറയുന്നത്. തങ്ങളുടെ ആര്‍ട്ടിസ്റ്റുകള്‍ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും ഉല്ലാസ് പറയുന്നുണ്ട്.

