കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രികർക്ക് ദുരിതമാകുന്നു. 26-ാംമൈൽ മുതലുള്ള ഭാഗത്താണ് കാടുകൾ വളർന്ന് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയായിരിക്കുന്നത്.

ഇരുവശങ്ങളിലും റോഡിനോടുചേർന്നുതന്നെ കാടുകൾ വളർന്ന നിലയിലാണ്. ഇതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ കയറിവേണം നടക്കാൻ. 26-ാംമൈൽ ആശുപത്രിപ്പടി മുതൽ ഒന്നാം മൈൽവരെയുള്ള ഭാഗത്തെ റോഡിൽ ഒട്ടേറെ അപകടമരണങ്ങളും നടന്നിട്ടുണ്ട്. ഇവിടത്തെ അപകടമുന്നറിയിപ്പ് ബോർഡുകളിലടക്കം കാടുകയറിയ നിലയിലാണ്. റോഡിലെ അരികിലെ വെള്ളവരപോലും കാണാൻ കഴിയാത്ത നിലയിൽ കാടുവളർന്ന് റോഡിലേക്ക് വീണു.

മണ്ഡലകാലത്ത് മാത്രമാണ് ഈ റോഡിലെ കാടുകൾ നീക്കംചെയ്യുന്നത്. എല്ലാ മാസവും ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം ശബരിമല തീർഥാടകർ കടന്നുപോകുന്ന ഈ റോഡിൽ യഥാസമയം കാട് വെട്ടിത്തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *