കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കാൻ നടപടിയായില്ല. പ്രവേശനകാവാടം മുതൽ അത്യാഹിതവിഭാഗം വരെയുള്ള ഭാഗത്തെ 300 മീറ്ററോളം ദൂരമാണ് ടാറിങ് തകർന്ന് മെറ്റൽ ഇളകി ഗതാഗതയോഗ്യമല്ലാതായത്.

ദേശീയപാതയിൽനിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നയിടം പൂർണമായും തകർന്ന് കിടക്കുകയാണ്. ഇടവേളകളില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത്യാഹിതവിഭാഗത്തിലേക്ക് വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഈ റോഡിലെത്തുമ്പോൾ റോഡ് തകർന്ന് കിടക്കുന്നതിനാൽ വേഗം കുറച്ചുവേണം പോകാൻ.

പാർക്കിങ് ഫീസായി കാറുകൾക്ക് 20 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും വാങ്ങുന്നുണ്ടെങ്കിലും രോഗികൾക്ക് സഞ്ചരിക്കുവാൻ റോഡ് മാത്രമില്ല. വൺവേ ഏർപ്പെടുത്തുന്നതിന് പുതിയ ആശുപത്രി കെട്ടിടത്തിന്റെ പിൻഭാഗത്ത് കൂടി പഴയ പ്രവേശന കവാടത്തിലേക്ക് പുതുതായി റോഡ് പണിതെങ്കിലും ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല.

ആശുപത്രി ഒപി വിഭാഗത്തിന് മുൻപിൽനിന്ന് ദേശീയപാതയിൽ കുന്നുംഭാഗം ബസ്‌സ്റ്റോപ്പിന് മുൻപിലെത്തുന്നതാണ് റോഡ്. എത്രയുംവേഗം പ്രധാനറോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

