ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തിൽ എത്തിക്കാൻ പ്രവർത്തിച്ചതിന് സംഘത്തിലെ 18 പോലിസ് ഉദ്യോഗസ്ഥർക്കാണ് അംഗീകാരം ലഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രശംസാ പത്രം. എന്നാൽ, ആലപ്പുഴ ഡിവൈഎസ്‍പിയായ എംആര്‍ മധുബാബു കടുത്ത ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഈ പ്രശംസ തേടി എത്തുന്നത്. മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളിൽ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും വിജയൻ ആചാരി എന്നയാൾ ആരോപണം ഉന്നയിച്ചിരുന്നു.

മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും വിജയൻ ആചാരി പറഞ്ഞു. തന്‍റെ ജീവിതം വഴിമുട്ടിച്ച വ്യക്തിയാണ് മധുബാബു. കോടതിയിലേക്ക് പോകുമ്പോഴും ഭീഷണിപ്പെടുത്തി. പേടിച്ചിട്ടാണ് താൻ പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്. കോടതിയിൽ മൊഴി കൊടുക്കാൻ പോകുമ്പോൾ സിഐ മധുബാബു ഭീഷണിപ്പെടുത്തുമായിരുന്നു. ഇന്നും മധുബാബുവിനെ കാണുമ്പോള്‍ പേടിയാണെന്നും വിജയൻ ആചാരി പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. പിടിച്ചോണ്ട് പോയപ്പോൾ കുരുമുളക് സ്പ്രേ അടിച്ചു.

പത്തനംതിട്ട ജില്ലയിൽ താൻ കയറിയിറങ്ങാത്ത കോടതികളില്ലെന്നും വിജയൻ ആചാരി പറഞ്ഞു. അതേസമയം, തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഒരു ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു പ്രതികരിച്ചിരുന്നു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എം ആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്‍പി എം ആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്‍റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു ആരോപിച്ചു.

കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്‍എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്‍റ് ജയകൃഷ്ണൻ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളിൽ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരിയും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *