ബിഗ് ബോസ് മലയാളം സീസൺ സെവൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയേഴാം ദിവസം അരങ്ങേറിയ വീക്ക്ലി ടാസ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ പ്രകാരം ചെരുപ്പുകൾ നിർമിച്ചു നൽകുക എന്നതാണ് പുതിയ ടാസ്ക്. നൂദില ചെരുപ്പ് കമ്പനിയുടെ മുതലാളിയായി നൂറയും, അസിസ്റ്റന്റ് ആയി ജിഷിനുമാണ് കളിക്കുന്നത്. അക്ബർ തൊഴിലാളികളുടെ യൂണിയൻ നേതാവായാണ് ടാസ്കിൽ മത്സരിക്കുന്നത്. ആദില, മസ്താനി, അഭിലാഷ്, ലക്ഷ്മി, ഷാനവാസ്, ബിന്നി, ഒനീൽ തുടങ്ങിയവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. നല്ലപോലെ പണിയെടുക്കുന്നവർക്ക് പാരിതോഷികമായി കോയിൻ നൽകാൻ നൂറയ്ക്ക് പൂർണ്ണ അധികാരമാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത്.

മൂന്ന് റൗണ്ടുകൾ ഉള്ള ടാസ്കിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയുമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്നലെ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ബിഗ് ബോസ് വീട്ടിൽ നടന്ന വാക്കേറ്റമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ആദ്യ ദിവസത്തെ ടാസ്ക് പൂർത്തിയാക്കിയ ടീമിന് കോയിൻ കൊടുക്കാൻ ബിഗ് ബോസ് നിർദ്ദേശിക്കുന്നുണ്ട്.

ബിന്നി, മസ്‍താനി, അഭിലാഷ്, ഒനീൽ, ഷാനവാസ്, ആദില, ലക്ഷ്മി എന്നിവർക്കാണ് ടാസ്ക് റൂമിൽ വെച്ച് നൂറ കോയിൻ കൊടുക്കുന്നത്. എന്നാൽ ജിഷിൻ നിരന്തരം അഭ്യർത്ഥിച്ചതിന് ശേഷം പുറത്ത് നിന്ന് ജിഷിനും നൂറ കോയിൻ കൊടുക്കുന്നു. തനിക്ക് കോയിൻ തരാത്തതിൽ പ്രതിഷേധമെന്നോണം അക്ബർ നൂറയെ ചോദ്യം ചെയ്യുന്നുണ്ട്. അക്ബർ കാരണം സമയം കുറെ നഷ്ടമായി എന്നാണ് നൂറ പറയുന്നത്. എന്നാൽ ഇതിനെ ചൊല്ലിയുള്ള വാക്കേറ്റം ലക്ഷ്മിയും അക്ബറും തമ്മിലാണ് പിന്നീട് വീട്ടിൽ അരങ്ങേറുന്നത്.

ലക്ഷ്മിയുടെ സമയം കളയാൻ താൻ വന്നോ എന്നാണ് അക്ബർ ചോദിക്കുന്നത്. ഇതിന് മറുപടിയെന്നോണം അക്ബർ കാരണം ടാസ്കിൽ തന്റെ സമയം നഷ്ടമായി എന്നാണ് ലക്ഷ്മി പറയുന്നത്. എന്നാൽ വാക്കേറ്റം മുറുകിയപ്പോൾ ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പിന്നീട് നടത്തിയത്. ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറയുന്നത്. “ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു…” ലക്ഷ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *