ദലിത് യുവതി ബിന്ദുവിനെ മാലമോഷ്ടാവാക്കിയ പൊലീസിന്റെ കള്ളകഥ പൊളിയുന്നു. സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ ക്രൂരതകളുടെ കഥ പുറത്തുവരുന്നതിനിടെയാണ് മാലമോഷണക്കേസിൽ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ തന്നെ റിപ്പോർട്ട് പുറത്തുവരുന്നത്. പേരൂർക്കടയിലെ വീട്ടിൽനിന്ന് മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പൊലീസ് കഥ ഉണ്ടാക്കിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്കു താഴെവച്ചു മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തി.
ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിനു പിന്നിലെ ചവറുകൂനയിൽനിന്നും കണ്ടെത്തിയെന്ന പേരൂർക്കട പൊലീസിന്റെ വാദം തെറ്റാണ്. ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിൽ എടുത്തത് ന്യായീകരിക്കാനാണ് ഈ വാദം പൊലീസ് ഉയർത്തിയത്. പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.
വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നല്‍കിയത്. മാല നഷ്ടപ്പെട്ടത് 2025 ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മാല കിട്ടിയതായി ഓമന ഡാനിയൽ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, ബിന്ദുവിനെ പൊലീസ് വിട്ടയച്ചു. സ്വർണമാല എങ്ങനെ ചവറുകൂനയിൽ എത്തിയെന്ന ചോദ്യത്തിനാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ഉത്തരമാകുന്നത്.
ഓമനയ്ക്ക് മറവി സംബന്ധമായ പ്രശ്നമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. സാധാരണ കിടക്കയ്ക്ക് അടിയിലാണ് ഓമന മാല വയ്ക്കുന്നത്. സംഭവം നടന്നദിവസം സോഫയുടെ അടിയിലാണ് വച്ചത്. മാല കാണാത്തതിനെ തുടർന്ന് ഓമന പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ സോഫയ്ക്ക് അടിയിൽനിന്ന് മാല കണ്ടെത്തി. എന്നാൽ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത് ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് ന്യായീകരിക്കാൻ പൊലീസ് ചവറുകൂനയിൽ സ്വർണം കണ്ടെത്തിയെന്ന് കള്ളക്കഥ ചമയ്ക്കുകയായിരുന്നു. മാല എടുത്തിട്ടില്ലെന്ന് കാലു പിടിച്ചു പറഞ്ഞിട്ടും മാല എടുത്തെന്നു പറയാൻ പൊലീസ് നിർബന്ധിച്ചതായി ബിന്ദു പറഞ്ഞു.

