കോട്ടയം: സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ഇടപാടിന് എത്തിയ പ്രതികളെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളം മൂന്നുമൂല ഭാഗത്ത് കണ്ടങ്കേരിയിൽ ആദർശ് പ്രസാദി (21) നെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ ടി ജെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആക്രമത്തിൽ കോട്ടയം റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറായ ഡി. സുമേഷ് ന്റെ തലയുടെ ഇടതുവശത്ത് ആഴത്തിൽ മുറിവേറ്റു. ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി കോമ്പൗണ്ടിനുള്ളിൽ വൈകുന്നേരങ്ങളിൽ പരസ്യ മദ്യപാനവും, കഞ്ചാവ് ഇടപാടും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.

പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കരിങ്കല്ലിന് തലക്കെടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതേ തുടർന്ന് എക്സൈസ് സംഘം യുവാവിനെ സാഹസികമായി കീഴ്പെടുത്തി. പ്രതിയ്ക്ക് എതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം കുമരകം പോലീസിന് കൈമാറി.

