കോട്ടയം: ജില്ലയ്ക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഷോപ്പിംഗ് മാളിൽ നിർമ്മിച്ച ഏറ്റവും വലിയ ഓണത്തപ്പനാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്‍റെ അംഗീകാരം ലഭിച്ചത്.

ഓണാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഓണത്തപ്പൻ, കോട്ടയം ലുലുമാളിലെത്തുന്ന ഉപഭോക്താക്കളുടെയും സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. വിവിധ അളവുകളിലുളള അഞ്ച് ഓണത്തപ്പന്മാരുടെ രൂപങ്ങളാണ്, കേരളീയ പാരമ്പര്യത്തിനു യോജിച്ച രീതിയില്‍ കോട്ടയം ലുലുമാളിൽ സ്ഥാപിച്ചിട്ടുളളത്. പ്രദർശന മാനദണ്ഡങ്ങൾ പാലിച്ച്, സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തിയാണ് രൂപങ്ങളുടെ നിർമാണം. കോട്ടയം ലുലുമാൾ റീറ്റെയിൽ ജനറൽ മാനേജർ നിഖിൻ ജോസഫ്, വേൾഡ് റെക്കോർഡ്സ് യൂണിയൻ അഡ്ജൂഡിക്കേറ്റർ നിഖിൽ ചിന്തക്കിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

റെക്കോർഡ് നേട്ടത്തിനപ്പുറം, ഓണത്തിന്റെ സാംസ്‌കാരിക സാരാംശം വിളിച്ചോതുന്ന പ്രദർശനം കൂടിയാണ് കോട്ടയം ലുലുമാളിൽ സ്ഥാപിച്ചിരിക്കുന്ന ഓണത്തപ്പന്മാരുടെ രൂപങ്ങൾ. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വലിയ ഓണത്തപ്പന്മാരെ നിർമിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. ഓണാഘോഷ കാലത്തുടനീളം കോട്ടയം ലുലുമാളിൽ, ലോക റെക്കോർഡ് സൃഷ്ടിച്ച ഓണത്തപ്പന്മാർ പ്രദർശനത്തിനുണ്ടാകും. ഓണം കഴിയുന്നതുവരെ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും കോട്ടയം മാളിൽ അരങ്ങേറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *