വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് സംഘം വീട്ടിലെത്തിയത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെ കെ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ കെഎസ്, നീതു എസ് തങ്കച്ചൻ, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ-2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Leave a Reply

Your email address will not be published. Required fields are marked *