കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബർ ടാക്സി കാർ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിൾ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേർന്നുള്ള കാനയിലേക്ക് കാർ വീണത്. പേട്ട താമരശേരി റോഡിൽ വെച്ചാണ് അപകടം.

കാനയും റോഡും തിരിച്ചറിയാൻ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് സ്ഥലപരിചയമില്ലാത്ത യൂബർ ഓൺലൈൻ ടാക്‌സി ഡ്രൈവർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാർ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടൻ തന്നെ ഡ്രൈവർ കാറിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കാർ റിക്കവറി വാഹനം ഉപയോഗിച്ച് പുറത്തെടുത്തു. ഇന്ന് രാവിലെ ട്രിപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് കാർ പേട്ടയിലെ കാനയിൽ വീണത്. കാർ ഡ്രൈവർ സ്ഥലത്തുള്ളയാൾ അല്ലെന്നും സ്ഥല പരിചയമില്ലെന്നും ഓട്ടം വന്നശേഷം തിരിച്ചുപോവുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പുലർച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. തോടും റോഡും തമ്മിൽ വേർതിരിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളോ സ്ലാബിട്ട് മൂടുകയോ ചെയ്‌തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

കൊച്ചിയിൽ കളമശ്ശേരിയടക്കമുള്ള സ്ഥലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചിയിലെ വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. മരട്, വെണ്ണല തുടങ്ങിയ വിവിധയിടങ്ങളിൽ വെള്ളം കയറി.

Leave a Reply

Your email address will not be published. Required fields are marked *