സ്ത്രീകളുടെ ദുരൂഹ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചു. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനുമായിട്ടാണ് പൊലീസ് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്.

കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പൊലീസ് തിരച്ചില്‍ നടത്തി വരുന്നത്. തിരച്ചിലിനായി കഡാവര്‍ നായകളെയും പൊലീസ് സംഘം വീട്ടിലെത്തിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ കുളത്തിൽ നിന്നും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

പരിശോധന തുടരുമ്പോള്‍ തന്നെ വീട്ടിനകത്തു വെച്ച് പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു. രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചതുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്താനാണ് തീരുമാനം. കൂടാതെ വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ അടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതാണെന്ന് അറിയാനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും.

പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ ജൂലൈ 28 ന് നടത്തിയ പരിശോധനയിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കോട്ടയം കോട്ടമുറി സ്വദേശി ജൈനമ്മയുടേതാണ് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളെന്നാണ് സംശയിക്കുന്നത്. ഡിസംബർ 23നാണ് ജൈനമ്മയെ കാണാതാകുന്നത്.കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിള്‍ ശേഖരിച്ച് തുടര്‍ നടപടികളിലേക്കു കടന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യൻ പരസ്പര വിരുദ്ധമായ മൊഴികളിലൂടെ പൊലീസിനെ വട്ടംകറക്കുകയാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കഴിയുന്നത്ര ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *