കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും. ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും നൽകും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു കൊണ്ട് പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നാണ് സൂചന.

ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ഓണ്‍ലൈനായിട്ടാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു തീരുമാനം. അപകടത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിയുടെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇത് സര്‍ക്കാരിന് വന്‍പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് സുപ്രധാനമായ രണ്ട് തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.