ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ധർമ്മശാലയിൽ രാത്രി ഏഴരയ്ക്കാണ് മത്സം തുടങ്ങുക. അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും മത്സരം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹിക്ക് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് എണ്ണത്തിലും ഡൽഹി പരാജയപ്പെട്ടപ്പോൾ ഒരു മത്സരം മഴയിൽ മുങ്ങുകയും ചെയ്തു.
ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ന് വിജയിച്ചാൽ മുംബൈയെ മറികടന്ന് ഡൽഹി നാലാം സ്ഥാനത്തെത്തോ മൂന്നാം സ്ഥാനത്തോ എത്താം. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഡൽഹിയ്ക്ക് പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കൂ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഒരു മത്സരമെങ്കിലും പരാജയപ്പെട്ടാൽ ഡൽഹിയ്ക്ക് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും.
അതേസമയം, ടൂര്‍ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന പഞ്ചാബ് കിംഗ്സ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് പഞ്ചാബിന്റെ ശ്രമം. 11 കളിയിൽ 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 13 പോയിന്റുളള ഡൽഹി അഞ്ചാം സ്ഥാനത്തുമാണ്.