ഇരു ടീമുകള്‍ക്കും സാധ്യത സജീവമായിരുന്ന മത്സരം. ഒടുവില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ പിടിച്ച് ആര്‍സിബിക്ക് ജയഭേരി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനകം പുറത്തായെങ്കിലും സിഎസ്‌കെയ്ക്ക് ചിന്നസ്വാമിയില്‍ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രണ്ട് റണ്‍സിന്‍റെ ആവേശ ജയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിയിരിക്കുകയാണ് സിഎസ്‌കെ നായകന്‍ എം എസ് ധോണി. ‘കുറച്ച് പന്തുകളില്‍ കൂടി കൂറ്റനടിക്കള്‍ക്ക് ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു, അങ്ങനെ ചെയ്തിരുന്നേല്‍ ടീമിന്‍റെ സമ്മര്‍ദം കുറയുമായിരുന്നു’- എന്നുമാണ് 8 പന്തില്‍ ഒരു സിക്‌സ് മാത്രം കണ്ടെത്തിയ ധോണി മത്സര ശേഷം പറഞ്ഞത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി- സിഎസ്‌കെ മത്സരം ശരിക്കുമൊരു റണ്‍ഫെസ്റ്റായി മാറി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നേടിയത് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 213 റണ്‍സ്. ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സുമായി ജേക്കബ് ബേത്തെല്‍- വിരാട് കോലി സഖ്യം ആര്‍സിബിക്ക് ശക്തമായ അടിത്തറയിട്ടു. ബേത്തെല്‍ വക 33 പന്തുകളില്‍ 55, കിംഗ് കോലിക്ക് 33 പന്തില്‍ 62 റണ്‍സ്. ഇതിന് ശേഷം ദേവ്‌ദത്ത് പടിക്കലും, ക്യാപ്റ്റന്‍ രജത് പാടിദാറും, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും നിരാശപ്പെടുത്തിയെങ്കിലും,

ടിം ഡേവിഡിനെ ഒരറ്റത്ത് കാഴ്ച്ചക്കാരനാക്കി ചിന്നസ്വാമിയില്‍ ആര്‍സിബിയുടെ മറ്റൊരു ഹീറോ ഉദയം ചെയ്തു. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെഫേഡ്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെയും കീറോണ്‍ പൊള്ളാര്‍ഡിനെയും ആന്ദ്രേ റസലിനെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്ന ബ്രൂട്ടല്‍ ഹിറ്റിംഗ്. 18-ാം ഓവറില്‍ ക്രീസിലെത്തിയ ഷെഫേഡ് വെറും 14 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്നതോടെ ബെംഗളൂരു സ്കോര്‍ 213ലെത്തി. സിഎസ്‌കെ പേസര്‍മരായ ഖലീല്‍ അഹമ്മദും മതീഷ പതിരാനയും റൊമാരിയോ ഷെഫേഡിന് മുന്നില്‍ എവിടെയെറിയണം എന്നറിയാതെ വെള്ളംകുടിച്ചു.

214 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഞെട്ടിച്ചത് ഓപ്പണറും 17 വയസുകാരനുമായ ആയുഷ് മഹാത്രെയാണ്. കന്നി സീസണിന്‍റെ അങ്കലാപ്പൊന്നും തനിക്കില്ല എന്ന് ഇതിനകം തെളിയിച്ച മഹാത്രെയ്ക്ക് ആര്‍സിബിക്കെതിരെ തലനാരിഴയ്ക്ക് സെഞ്ചുറി തികയ്ക്കാനാവാതെ പോയെന്ന ദുഃഖം മാത്രം. 17-ാം ഓവറില്‍ ആയുഷ് മഹാത്രെ പുറത്താകുമ്പോള്‍ പേരിനൊപ്പം 48 പന്തില്‍ 94 റണ്‍സ്. ആ ബാറ്റില്‍ നിന്ന് ഒമ്പത് ഫോര്‍, അഞ്ച് സിക്സ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവന്‍ഷിക്ക് ശേഷം മറ്റൊരു യുവ സെന്‍സേഷന്‍ ഇന്നിംഗ്സ്. ഷെയ്ഖ് റഷീദും, സാം കറനും കുറഞ്ഞ സ്കോറുകളിലും, ഡെവാള്‍ഡ് ബ്രെവിസ് അംപയറുടെ വിവാദ തീരുമാനത്തില്‍ ഗോള്‍ഡന്‍ ഡക്കായും പുറത്തായെങ്കിലും സിഎസ്‌കെ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു.

കാരണം, ആരാധകരുടെ ‘തല’ ക്രീസിലേക്ക് വരാനുണ്ടായിരുന്നു. എതിര്‍ മൈതാനമായിട്ടുകൂടിയും ചിന്നസ്വാമിയില്‍ ധോണിക്ക് ക്രീസിലേക്ക് ഗംഭീര വരവേല്‍പ്പ് ലഭിച്ചു. ബ്രെവിസ് പുറത്തായതോടെ 17-ാം ഓവറിലെ നാലാം പന്തില്‍ എംഎസ്‌ഡി ക്രീസിലെത്തി. 42 റണ്‍സാണ് സിഎസ്‌കെയ്ക്ക് ജയിക്കാന്‍ ഈ സമയം വേണ്ടിയിരുന്നത്. എന്നാല്‍ ധോണിക്ക് താന്‍ നേരിട്ട 8 പന്തില്‍ 12 റണ്‍സെടുക്കാനേയായുള്ളൂ. 18-ാം ഓവറില്‍ സുയാഷ് ശര്‍മ്മയ്ക്കെതിരെ ധോണി- ജഡേജ സഖ്യം ആറ് റണ്‍സ് മാത്രം നേടിയത് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.

19-ാം ഓവറില്‍ ഭുവിക്കെതിരെ ധോണിയുടെ നേട്ടം ഒരൊറ്റ സിക്സും രണ്ട് സിംഗിളുമായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തിലും ധോണിയുടെ സിംഗിള്‍. മൂന്നാം ബോളില്‍ ധോണിയെ യാഷ് ദയാല്‍ പുറത്താക്കുകയും ജഡ്ജുവിനും ശിവം ദുബയെക്ക് മത്സരം ഫിനിഷ് ചെയ്യാനാവാതെ വരികയും ചെയ്തു. ചെന്നൈ ചേസിംഗ് 20 ഓവറില്‍ 211ന് അഞ്ച് എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ ജഡേജ 45 പന്തില്‍ 77 ഉം, ദുബെ 3 പന്തില്‍ എട്ടും റണ്‍സുമായി ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു. ധോണിയുടെ വിലയിരുത്തല്‍ ശരിതന്നെ, ഒന്നോ രണ്ടോ ഹിറ്റ് കൂടിയുണ്ടായിരുന്നാല്‍ കളി മാറിയേനേ.
