അമ്മയുടെ വയറ്റിൽ ഒരു കുട്ടി നാല് വർഷംവരെ കിടക്കാമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പാണെന്നും ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നാല് വർഷം വരെ കിടക്കുമെന്നുമെല്ലാമുള്ള എസ് വൈ എസ് ജനറൽ സെക്രട്ടറികൂടിയായ ഡോ.എ.പി അബ്ദുൽ ഹക്കീം അസ്ഹരി പൊതുവേദിയിൽ നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കിടയാക്കിയിരിക്കുന്നത്.

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കാന്തപുരം വിഭാഗം നേതാവിന്റെ പ്രസംഗം ചർച്ചയായിരിക്കുന്നത്. അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘സിസേറിയൻ ഈ നാട്ടിലുണ്ടോ, പ്രസവിക്കാൻ വേണ്ടി ഓപ്പറേഷൻ ചെയ്യുക. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഡോക്ടർ കണക്ക് കൂട്ടിയിട്ട് പറയും ഏപ്രിൽ 13 നാണ് ഡേറ്റ്. അപ്പോൾ പത്തിന് തന്നെ അഡ്മിറ്റ് ചെയ്തൂടെ. മൂന്ന് ദിവസത്തെ പൈസ ആശുപത്രികിട്ടും. 13 ന് പ്രസവിക്കൂല, രണ്ട് ദിവസം കൂടി നോക്കാമെന്ന് ഡോക്ടർ പറയും. 15 ന് വന്നിട്ട് പറയും ഇനിയൊന്നും ചെയ്യാനില്ല. ഇന്ന് തന്നെ മുറിക്കണമെന്ന് പറയും. യഥാർത്ഥത്തിൽ 20 ന് ആണ് ഡേറ്റ്. ഒരാഴ്ച നേരത്തെ ഡേറ്റ് പറഞ്ഞ് ഡോക്ടർ നമ്മളെ പറ്റിക്കും.

വയറ്റിലൊരു കുട്ടി നാല് വർഷം വരെ കിടക്കാം. അതുകൊണ്ട് പത്തുമാസം ആയിപ്പോയി ഇപ്പോ പൊട്ടും എന്ന ബേജാറ് ആവേണ്ട കാര്യമൊന്നുമില്ല. ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞാൽ മതി. സമയമാകുമ്പോൾ പ്രസവിക്കും, അതൊരു ന്വാചുറൽ പ്രൊസസ് ആണ്. വയറ്റിലൊരു സാധനം അല്ലാഹു പടച്ചിട്ടുണ്ടോ, അത് പുറത്തുകൊണ്ടുവരും. അതിന് സീസറിന്റെ ആവശ്യമില്ല’. ഇങ്ങനെ പോകുന്നു പ്രസംഗം.

വീട്ടിലെ പ്രസവം സംബന്ധിച്ചും മരണം സംബന്ധിച്ചും ആരോഗ്യമേഖലയിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രസംഗം ചർച്ചയായിരിക്കുന്നത്. ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും അശാസ്ത്രീയ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എവിടെ, എപ്പോൾ നടത്തിയ പ്രസംഗമാണ് എന്ന് പ്രചരിക്കുന്ന വിഡിയോയിൽ വ്യക്തമല്ല.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *