തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി നടപ്പാക്കിയ വിനോദയാത്ര പദ്ധതി വന്‍ ഹിറ്റ്. കേരളത്തിലെ ഏറ്റവും വലിയ ടൂര്‍ ഓപറേറ്റര്‍ എന്ന നിലയിലേക്ക് വളരുകയാണ് കെഎസ്ആര്‍ടിസി എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2021 നംവബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ 64.98 കോടി രൂപയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെയാണ് കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കും ഊട്ടി, മൈസൂരു തുടങ്ങിയ ഇടങ്ങളിലേക്കും ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. 52 ഇടങ്ങളിലേക്കാണ് നിലവില്‍ കെഎസ്ആര്‍ടിസി വിനോദയാത്രകള്‍ നടത്തുന്നത്. മൂന്നര ലക്ഷത്തോളം പേര്‍ കെഎസ്ആര്‍ടിസിയുടെ ടൂര്‍പാക്കേജിന്റെ ഭാഗമാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ടൂര്‍ പദ്ധതി ഹിറ്റായ സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് കൂടി ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. തമിഴ്‌നാട്, കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുമായി സഹകരിച്ചും റെയില്‍വെയുടെ ഐആര്‍സിടിസിയുമായി കൈകോര്‍ത്തും ഓള്‍ ഇന്ത്യ ടൂര്‍ പാക്കേജ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ പരിഗണിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്വകാര്യ സംരഭകരുമായും കെഎസ്ആര്‍ടിസി കൈകോര്‍ത്തേക്കും.

അതിനിടെ, ഒരിക്കല്‍ പരീക്ഷിച്ച ട്രാവല്‍കാര്‍ഡ് ബസുകളില്‍ വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമായ ടിക്കറ്റ് മെഷീനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
നൂറ് രൂപയാണ് കാര്‍ഡിന്റെ വില. 50 മുതല്‍ 2000 രൂപവരെ റീച്ചാജ് ചെയ്തും യാത്രകള്‍ എളുപ്പമാക്കാം. ഉടമ തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയില്ലാത്ത സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമായേക്കും എന്നാണ് വിലയിരുത്തല്‍. ട്രാവല്‍ കാര്‍ഡ് കണ്ടക്ടര്‍മാര്‍ക്ക് തന്നെ വിതരണം ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്‍ഡ് വിറ്റാല്‍ 10 രൂപ കണ്ടക്ടര്‍ക്ക് കമ്മീഷന്‍ ലഭിക്കുകയും ചെയ്യും. കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനും കണ്ടക്ടര്‍ക്ക് പണം നല്‍കിയാല്‍ മതിയാകും. നിലവില്‍ ആറ് ജില്ലകളില്‍ പുതിയ ടിക്കറ്റ് മെഷീനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനകം വിതരണം പൂര്‍ത്തിയാകും. ഇതോടെ സംസ്ഥാന വ്യാപകമായി ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. നേരത്തെ രണ്ട് തവണ ട്രാവല്‍കാര്‍ഡ് സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി പരാജയപ്പെട്ടിരുന്നു. സാങ്കേതിക പോരായ്മയും പ്രായോഗിക ബുദ്ധിമുട്ടുമായിരുന്നു അന്ന് തിരിച്ചടിയായത്.

കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും നടപ്പാക്കിവരുകയാണ്. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
There is no ads to display, Please add some