മൊബൈൽ ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. സാമ്പത്തിക തിരിച്ചടി മാത്രമല്ല വിലപ്പെട്ട പല വിവരങ്ങളും അളുകൾ മൊബൈലിൽ സൂക്ഷിക്കാറുണ്ട്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ കണ്ടെത്തുന്നതിനു ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല.
2019 സെപ്റ്റംബറിനും 2025 മാർച്ചിനും ഇടയിൽ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നിന്ന് 45,647 അഭ്യർത്ഥനകൾ പോർട്ടലിന് ലഭിച്ചു. ഇതിൽ ഏകദേശം 39,500 ഫോണുകൾ വിജയകരമായി ബ്ലോക്ക് ചെയ്യാൻ സിഇഐആറിനു സാധിച്ചിട്ടുണ്ട്. ഏകദേശം 35,000 കേസുകളിൽ ഫോണുകൾ കണ്ടെത്താനുള്ള വിവരങ്ങൾ ലഭിച്ചു. 29,000 ഫോണുകൾ ട്രാക്ക് ചെയ്യുന്നതിൽ വിജയിച്ചു. 6,222 ഫോണുകൾ വിജയകരമായി വീണ്ടെടുക്കാനും സാധിച്ചു.
ഇതിൽ പല ഫോണുകളും പ്രാദേശിക സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിൽ നിന്നാണ് കണ്ടെടുത്തത്. ചിലത് പശ്ചിമ ബംഗാൾ, ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വ്യാജ മാർക്കറ്റുകളിൽ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ ഉപകരണങ്ങൾ ട്രാക്ക് ചെയ്യുകയും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വീണ്ടെടുക്കുകയും ചെയ്യുന്നു. കണ്ടെടുത്ത ഫോണുകളുടെ മൊത്തം മൂല്യം 6 കോടി രൂപയിൽ കൂടുതലാണെന്നും ഉദ്യോഗസ്ഥൻ ടിഎൻഐഇയോടു പറഞ്ഞു. പൊലീസിൽ പരാതികൾ രജിസ്റ്റർ ചെയ്യാനും സിഇഐആർ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യാനും ഉപയോക്താക്കൾക്കു ഒരു പണച്ചെലവുമില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മോഷ്ടിക്കപ്പെടുന്ന ആഡംബര ഫോണുകൾ കോളുകൾ ചെയ്യുന്നതിനോ ഇന്റെർനെറ്റ് ഉപയോഗത്തിനോ കാര്യമായി ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല. ഇവ മിക്കവാറും സ്പെയർ പാർട്‌സ് ലഭ്യമാക്കാനായാണ് ഉപയോഗിക്കുന്നത്. മറ്റാരെങ്കിലും തങ്ങളുടെ ഫോൺ ആക്‌സസ് ചെയ്‌തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന സുരക്ഷാ സവിശേഷതകൾ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളിൽ ഉണ്ട്. അത്തരം ഫോണുകൾ സ്പെയർ പാർട്സ് ശേഖരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള കടകളിലാണ് എത്തുന്നത്. അവ സ്പെയർ തേടുന്നവർക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്നു- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഫോണുകൾ ട്രാക്ക് ചെയ്യുന്നത് ശ്രമകരമായ ഒരു ജോലിയാണെന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോർട്ട് സ്റ്റേഷൻ പരിധിക്കുള്ളിൽ 150 ഓളം മൊബൈൽ ഫോണുകൾ വീണ്ടെടുത്തു ഉടമകൾക്കു തിരികെ നൽകാൻ സാധിച്ചെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.