അടൂർ: നല്ല സുഖമായി ഉറങ്ങുമ്പോൾ ഒരു പൂവൻകോഴി കൂവിയാലോ?. ഉറക്കത്തിന്‍റെ കാര്യത്തിൽ ഏകദേശമൊരു തീരുമാനം ആവില്ലേ?. ഒരുദിവസം ആണെങ്കിൽ ചിലപ്പോൾ നമ്മളതങ്ങു സഹിച്ചെന്നുവരും. എന്നാൽ ദിവസേന ആയാലോ? അങ്ങനെ ദിവസേനെ ഒരാളുടെ ഉറക്കം കെടുത്തിയതോടെ കോഴിക്കൂട് തന്നെ മാറ്റാൻ ഉത്തരവിട്ടിരിക്കുകയാണ് ആർഡിഒ. പത്തനംതിട്ട അടൂരിലാണ് സംഭവം.

അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പിന്‍റെ പരാതിയെത്തുടർന്നാണ് നടപടി. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിന് മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽസ്ഥാനത്ത് നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.

പുലർച്ചെ മൂന്ന് മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാകുന്നുവെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരേയും കേട്ടശേഷം സ്ഥലത്തെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിന്റെ മുകളിലാണ് അനിൽ കുമാർ കോഴികളെ വളർത്തുന്നത്.

There is no ads to display, Please add some