മരണപ്പെടുന്നതിനും 25 വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന പദ്‌മനാഭൻ (95) മരിച്ചത് 25വർഷം കഴിഞ്ഞപ്പോൾ. കഴിഞ്ഞ ദിവസമാണ് എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പദ്മനാഭൻ മരണപ്പെട്ടത്. എന്നാൽ, സ്വന്തമായുണ്ടാക്കിയ കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളണമെന്നുള്ള പദ്മനാഭന്റെ ആഗ്രഹം സഫലമായില്ല.

പദ്‌മനാഭന് കുഴിമാടം ഒരുക്കിയിരുന്നെങ്കിലും ഏതാനും വർഷം മുമ്പ് കുഴിമാടം ഉൾപ്പടുന്ന വീടും സ്ഥലവും വിറ്റ് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വച്ചായിരുന്നു പദ്‌മനാഭൻ്റെ മരണം. സംസ്കാരം കഴിഞ്ഞ ദിവസം തൊടുപുഴയിലുള്ള പൊതു ശ്മശാനത്തിൽ നടന്നു.

ഇരുമ്പൂന്നിക്കര ആശാൻ കോളനി ഭാഗത്ത് താമസിച്ചിരുന്ന രണ്ടാംകളത്തിൽ പദ്‌മനാഭൻ (95) ആണ് കാൽനൂറ്റാണ്ട് മുമ്പാണ് മരണ ശേഷമുള്ള തന്റെ സംസ്ക്കാരത്തിനായി സ്വന്തമായി കുഴിമാടം നിർമിച്ചത്. താൻ മരിച്ചാൽ ഈ കല്ലറയിൽ അടക്കം ചെയ്യണമെന്ന് പദ്മനാഭൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ആറടി നീളത്തിലും വീതിയിലും കുഴിയെടുത്തു സ്വന്തമായി ഒരുക്കിയ കുഴിമാടത്തിൽ ചെന്ന് മരണത്തെ കാത്തിരുന്ന സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു.

ജീവിച്ചിരിക്കെ സ്വന്തം കുഴിമാടം നിർമിച്ച പദ്മനാഭനെ കാണാൻ നിരവധി പേർ അക്കാലത്ത് എത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് ഭാര്യ രാജമ്മ മരിച്ചത്. ഇരുമ്പൂന്നിക്കര എസ്എൻഡിപി ശാഖ യോഗത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു പദ്മനാഭൻ. ഇരുമ്പൂന്നിക്കരയിൽ നിന്നും ശാഖാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ തൊടുപുഴയിലെത്തി പദ്‌മനാഭന് ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed